മലയാള സിനിമയില്‍ ഇത് വിവാദങ്ങളുടെ കാലമാണ്. പണിയിലെ അച്ചടക്കമില്ലായ്മ, ലഹരി, സത്യസന്ധതയില്ലായ്മ, സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയില്ലായ്മ അങ്ങനെ നിരവധി ആരോപണങ്ങളാണ് യുവനടന്മാര്‍ക്കെതിരെ ഉയരുന്നത്. ഷെയിന്‍ നിഗമും, ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അതിനിടെയാണ് 10 ലക്ഷം അഡ്വാന്‍സ് വാങ്ങിയ ശേഷം നടന്‍ ആന്റണി വര്‍ഗീസ് എന്ന പെപ്പെ സിനിമയില്‍ നിന്ന് പിന്മാറിയെന്ന ആരോപണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. പെങ്ങളുടെ കല്യാണം അഡ്വാന്‍സ് തുക കൊണ്ട് നടത്തിയിട്ട് പെപ്പെ സിനിമയില്‍ നിന്ന് മുങ്ങിയെന്നായിരുന്നു ജൂഡിന്റെ ആരോപണം. എന്നാല്‍, ആരോപണം വ്യാജമാണെന്നും, തന്റെ പെങ്ങളുടെ കല്യാണം മാതാപിതാക്കള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് കൊണ്ട് നടത്തിയതാണെന്നും, വിശദീകരിച്ച് കൊണ്ട് പെപ്പെ വാര്‍ത്താസമ്മേളനം നടത്തുകയും തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. ഇതിന് പിന്നാലെ, ആന്റണിയോടും കുടുംബത്തോടും ജൂഡ് മാപ്പ് പറയുകയും ചെയ്തു. ഇതോടെ കഥ തീര്‍ന്നെന്ന് കരുതിയാല്‍ തെറ്റി. പോപ്പെ സിനിമയില്‍ നിന്ന് പിന്മാറിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് അരവിന്ദ് കുറുപ്പും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണ്‍ കുമാറും രംഗത്തെത്തി. പ്രൊഡ്യൂസറും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സത്യം വെളിപ്പെടുത്തുന്നു എന്ന കുറിപ്പോടെ യൂടൂബില്‍ ഇട്ട വീഡിയോയിലാണ് ഇരുവരുടെയും വെളിപ്പെടുത്തല്‍.
ചിത്രത്തിലേക്ക് ആന്റണിയുടെ പേര് നിര്‍ദ്ദേശിച്ചത് ജൂഡ് ആയിരുന്നു. രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് കൊടുക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ 10 ലക്ഷം വേണമെന്ന് ആന്റണി ആവശ്യപ്പെട്ടു. 10 ലക്ഷം അഡ്വാന്‍സ് ആയി വേണമെന്ന് ആന്റണി പറഞ്ഞതിന്റെ കാരണം പെങ്ങളുടെ കല്യാണം തന്നെയാണെന്നും ഇവര്‍ വ്യക്തമാക്കി. യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ഇരുവരുടേയും പ്രതികരണം. 'സത്യം അറിയാന്‍ താത്പര്യമുള്ളവര്‍ക്ക് വേണ്ടി മാത്രം' എന്ന തലക്കെട്ടോടെ ഈ വിഡിയോയും ആന്റണിയുമായുള്ള കരാറിന്റെ പകര്‍പ്പും ജൂഡ് പങ്കുവച്ചിട്ടുണ്ട്.
''ഞാനൊരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നു. ഒരു നല്ല ഗ്രൂപ്പിലാണ് വന്ന് പെട്ടതിന്റെ സന്തോഷം എനിക്കുണ്ടായിരുന്നു. അങ്ങനെ ആ സിനിമയുമായി മുന്നോട്ടുപോയി. ഇപ്പോള്‍ ഇത് പറയാന്‍ ഒരു കാരണമുണ്ട്. ഈ രണ്ട് സംഭവങ്ങളും ഞങ്ങള്‍ കേട്ടിരുന്നു. ഇതില്‍ ഞാനാരെയും വിളിക്കാനും പോയില്ല. ഇതൊക്കെ കേട്ടപ്പോള്‍ ആവശ്യമില്ലാതെ ഇതിലൊരാള്‍ എനിക്കു വേണ്ടി 'സ്‌കേപ് ഗോട്ട്' ആകാന്‍ പോകുന്നു എന്നറിഞ്ഞതുകൊണ്ടാണ് ഇങ്ങനെയൊരു വിശദീകരണവുമായി വന്നത്. ഇതില്‍ നിന്നും എനിക്കൊരു ലാഭവും ഉണ്ടാകാനും പോകുന്നില്ല. ഇപ്പോള്‍ ഇതു ഞാന്‍ പറഞ്ഞില്ലെങ്കില്‍ അത് ജൂഡിനോട് ചെയ്യുന്ന പാതകമായി മാറും.
കാസ്റ്റിങ് നോക്കിയ സമയത്ത് ആന്റണിയുടെ പേര് നിര്‍ദ്ദേശിച്ചത് ജൂഡ് ആയിരുന്നു. വളരെ നല്ല അഭിപ്രായമാണ് ജൂഡ് പറഞ്ഞത്. കഥയില്‍ ആന്റണി വര്‍ഗീസ് തൃപ്തനായിരുന്നു. ഈ സിനിമ റിലീസ് ചെയ്താല്‍ സൂപ്പര്‍ഹിറ്റാകുമെന്നു വരെ അന്ന് ചിന്തിച്ചു. രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് കൊടുക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. ഞങ്ങള്‍ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അദ്ദേഹത്തെ കാണുന്നത്. പുള്ളിക്ക് ഒരു ആവശ്യമുണ്ട്, അതിനാല്‍ 10 ലക്ഷം രൂപ അഡ്വാന്‍സ് വേണമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഞങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് 10 ലക്ഷം രൂപ തന്നെ കൊടുക്കാന്‍ തീരുമാനിച്ചത്. ആന്റണിയെ അന്ന് ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്.
27 ജൂണ്‍ 2019-ലാണ് അഡ്വാന്‍സ് കൊടുക്കുന്നത്. കഥയെപ്പറ്റി ആന്‍ണിക്ക് അറിയാമായിരുന്നു. അജഗജാന്തരത്തിന്റെ ഷൂട്ടിങ് സമയത്താണ് പ്രിന്റ് ചെയ്ത തിരക്കഥ കൊടുക്കുന്നത്. കഥയില്‍ യാതൊരു എതിരഭിപ്രായവും അപ്പോള്‍ ആന്റണി പറഞ്ഞിരുന്നില്ല. കഥ മുഴുവന്‍ ആന്റണിയെ വായിച്ചു കേള്‍പ്പിച്ചിരുന്നു. അതിനുശേഷമുള്ള ആഴ്ചകളിലും പിന്നീട് അഭിപ്രായമൊന്നും പറഞ്ഞുമില്ല. ഡിസംബര്‍ ആദ്യവാരമാണ് കാസ്റ്റിങ് വിഡിയോ ഷൂട്ട് ചെയ്യുന്നത്. പുള്ളിയെ കിട്ടാന്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും അദ്ദേഹം സഹകരിച്ചു. ജനുവരി 10-ന് സിനിമ ആരംഭിക്കാമെന്ന് പറഞ്ഞു. അജഗജാന്തരത്തിന്റെ ഷൂട്ട് കുറച്ച് ഭാഗങ്ങള്‍ ബാക്കിയുണ്ട് അത് കഴിഞ്ഞ് ചെയ്യാമെന്ന് പുള്ളി സമ്മതിച്ചു. ഡിസംബര്‍ 10-നാണ് ഈ സംഭവം നടക്കുന്നത്. ആനപ്പറമ്പില്‍ വേള്‍ഡ് കപ്പ് എന്ന സിനിമയുടെ മലപ്പുറത്തുള്ള ലൊക്കേഷനില്‍ എത്തിയാണ് അദ്ദേഹത്തെ കാണുന്നതും.
അങ്ങനെ ഞങ്ങള്‍ ബാക്കി വര്‍ക്കുകള്‍ എല്ലാം ചെയ്തു. വടക്കേ ഇന്ത്യയിലാണ് കൂടുതലും ഷൂട്ട്. ഒരു ട്രെയിന്‍ വാടയ്ക്ക് എടുക്കണമായിരുന്നു. ജനുവരി 10 എന്ന തിയതി വച്ച് റൂം ബുക്കിങ്ങും ഭക്ഷണത്തിന്റെയും യാത്രയുടേയും കാര്യങ്ങള്‍ അറേഞ്ച് ചെയ്തു. വാരണാസിയില്‍ പോയി എല്ലാം തയാറാക്കി. തുടര്‍ച്ചയായി ഷൂട്ട് ചെയ്യാനായിരുന്നു പ്ലാന്‍. ഇവിടെ കേരളത്തിലും ഹോട്ടലുകളൊക്കെ ബുക്ക് ചെയ്തിരുന്നു. ഡിസംബര്‍ 23-ന് ജൂഡ് അദ്ദേഹത്തെ വിളിച്ചപ്പോഴാണ് സിനിമ ചെയ്യുന്നില്ല, താത്പര്യമില്ലെന്ന് ആന്റണി പറയുന്നത്. ഡിസംബര്‍ 29-ന് സംവിധായകന്‍ നേരിട്ടു ചെന്ന് കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ ശ്രമിച്ചു. അപ്പോഴും ഇത് ചെയ്യുന്നില്ലെന്ന് അറിയിച്ചു.
സിനിമ ആന്റണി ചെയ്യില്ലെന്ന് 100 ശതമാനം ഉറപ്പായതോടെയാണ് അഡ്വാന്‍സ് 10 ലക്ഷം തിരികെ ചോദിച്ചത്. ഇതിനൊപ്പം ചെലവായതിന്റെ അഞ്ച് ശതമാനവും ചോദിച്ചിരുന്നു. കണ്‍ട്രോളര്‍ മുഖേനയാണ് ഞങ്ങളുമായി ആന്റണി ബന്ധപ്പെട്ടത്. അന്ന് കൈ കൊടുത്ത് പിരിഞ്ഞുവെന്നാണ് ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്, അങ്ങനെ സംഭവിച്ചിട്ടില്ല. ഇന്നു വരെ എന്റെ ഫോണില്‍ വിളിച്ചിട്ടുപോലുമില്ല. ചെലവായ പൈസ തരില്ലെന്ന് ആന്റണി അറിയിക്കുകയും ഞങ്ങള്‍ അത് സമ്മതിക്കുകയും ചെയ്തു. ആറ് മാസം കഴിഞ്ഞ് 2020 ജനുവരി 27-ന് ആന്റണി 10 ലക്ഷം തിരികെ തന്നു.
പൈസ തിരിച്ച് തന്നല്ലോ, പിന്നെ എന്താ പ്രശ്നം എന്ന് പലരും ചോദിച്ചു. 10 ലക്ഷം മാത്രമല്ല ചെലവ്. ഒരാളെ വിശ്വസിച്ച് അടുത്ത 45 ദിവസം നമ്മള്‍ ചെലവാക്കുന്ന തുക വളരെ കൂടുതലാണ്. ഒരാള്‍ പത്ത് ലക്ഷം രൂപ മേടിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു തിരിച്ചുതരണമെങ്കില്‍ അയാള്‍ എന്റെ സുഹൃത്ത് ആയിരിക്കണം, അല്ലെങ്കില്‍ കടപ്പാട് ഉള്ള ആളായിരിക്കണം.
ആന്റണിയുടെ കുടുംബത്തെ ഈ പ്രശ്നത്തിലേയ്ക്ക് വലിച്ചിടുന്നത് വിഷമമുള്ള കാര്യം തന്നെയാണ്. കുടുംബം എന്നു പറയുന്നത് ഒരാള്‍ക്ക് മാത്രം ഉള്ളതല്ല. പുള്ളി കളഞ്ഞിട്ട് പോയതോടെ ആ സിനിമ അവിടെ നിന്നു. ആന്റണി സ്വന്തം പ്രശ്നങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. ഞങ്ങള്‍ക്ക് ആരോടും പരിഭവവും പരാതിയുമില്ല. ഞങ്ങള്‍ പ്രൊഡക്ഷന്‍ നിര്‍ത്തി, കമ്പനി പിരിച്ചുവിട്ടു. കുടുംബം എല്ലാവര്‍ക്കും പ്രധാനമാണ്. ഒരു തീരുമാനം എടുക്കുമ്പോള്‍ ഉറച്ച് നില്‍ക്കണം. ജൂഡുമായി ഒരുപാട് വിലയുള്ള ബന്ധമാണ് എനിക്കുള്ളത്. അത് കളയാന്‍ സാധിക്കില്ല. ഞാന്‍ ആയതുകൊണ്ടാണ് ജൂഡ് അത്രയും വികാരഭരിതനായത്. ഞാന്‍ കാരണം ജൂഡിന് ബുദ്ധിമുട്ട് ഉണ്ടാകരുത്.''അരവിന്ദ് പറഞ്ഞു.
''അഡ്വാന്‍സ് 10 ലക്ഷം വേണമെന്ന് ആന്റണി പറഞ്ഞതിന്റെ കാരണം പെങ്ങളുടെ കല്യാണം തന്നെയാണ്. അത് സത്യാവസ്ഥയാണ്. ആന്റണിയുടെ കുടുംബത്തിന് വിഷമമായി എന്നറിഞ്ഞതില്‍ ഞങ്ങള്‍ക്കും സങ്കടമുണ്ട്. ഈ സിനിമ ആന്റണി വേണ്ടെന്ന് വച്ചപ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ വഴിമുട്ടിയ അവസ്ഥയില്‍ ഫ്ളാറ്റില്‍ ഇരുന്നിട്ടുണ്ട്. ജൂഡ് ഉള്‍പ്പടെയുള്ളവര്‍ പൊട്ടിക്കരഞ്ഞിട്ടാണ് അവിടെ നിന്നും ഇറങ്ങുന്നത്. സിനിമ നടക്കില്ലെന്ന് എല്ലാവരേയും അറിയിച്ചു. കുടുംബത്തിന്റെ കുറ്റം പറച്ചിലും ആളുകളുടെ പരിഹാസവും നേരിട്ടു.'' പ്രവീണ്‍ പറഞ്ഞു.
ആന്റണി വര്‍ഗീസിന്റെ ഭാര്യ അനീഷ പൗലോസ് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റും ശ്രദ്ധ നേടുകയാണ്.
''ആര്‍ക്കും എന്തും പറയാം, പക്ഷേ പറയേണ്ടേ കാര്യങ്ങള്‍ സത്യസന്ധമായി പറയണം. ഇത്രയും ദിവസം ഞങ്ങള്‍ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്തു ന്യായം ഉള്ളത് കൊണ്ട് മാത്രമാണ്. മോശം രീതിയില്‍ ഉള്ള പല മെസേജുകളും കമന്റുകളും പലതും കണ്ടിട്ടും ഞാനും എന്റെ ഭര്‍ത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഞങ്ങള്‍ക്ക് ഉള്ളത് കൊണ്ടാണ്. കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള മറുപടി ഇതാണ്'' എന്നാണ് അനീഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്
ആന്റണി വര്‍ഗീസിന്റെ സഹോദരിയും വിഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഈ ദിവസങ്ങളില്‍ നേരിട്ട വിഷമത്തിന് തന്റെ അമ്മയുടെയും അപ്പന്റെയും ജീവിതത്തിന്റെ വിലയുണ്ട് എന്നാണ് നടന്റെ സഹോദരി അഞ്ജലി വര്‍ഗീസ് പ്രതികരിച്ചത്.
തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സായി നല്‍കിയ 10 ലക്ഷം രൂപ കൊണ്ടാണ് ആന്റണി സഹോദരിയുടെ വിവാഹം നടത്തിയതെന്നും ഷൂട്ട് തുടങ്ങുന്നതിന് 18 ദിവസം മുമ്പ് നടന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നുമാണ് ജൂഡ് ആന്തണി ആരോപിച്ചത്. ഈ ആരോപണം തെളിവുകള്‍ നിരത്തി പെപ്പെ തള്ളിക്കളഞ്ഞു.