തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അന്‍സിബ ഹസന്‍ തൃക്കാക്കര എസിപി ഓഫീസിലെത്തി മൊഴി നല്‍കി. തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐ രേഷ്മ, നടി ലക്ഷ്മിപ്രിയ എന്നിവരില്‍ നിന്നും നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് അന്‍സിബ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ തുടര്‍ച്ചയായാണ് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എസിപി മനോജ് കുമാറിന് മുന്നില്‍ താരം മൊഴി രേഖപ്പെടുത്തിയത്.
അന്‍സിബയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടി ലക്ഷ്മിപ്രിയയോടും വനിതാ സെല്‍ എസ്ഐ രേഷ്മയോടും തിങ്കളാഴ്ച രാവിലെ 11 മണിക്ക് തൃക്കാക്കര എസിപി ഓഫീസില്‍ മൊഴി നല്‍കാനായി ഹാജരാകാന്‍ പോലീസ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണവിധേയരായ രണ്ടുപേരുടെയും മൊഴിയെടുത്ത ശേഷം യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കി തുടര്‍നടപടി സ്വീകരിക്കുമെന്നും എസിപി വ്യക്തമാക്കി.
പോലീസ് സ്റ്റേഷനില്‍ വെച്ച് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അന്‍സിബ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ പരാതി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറുകയും, അദ്ദേഹം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വഴി തൃക്കാക്കര എസിപിയോട് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. മൊഴി നല്‍കിയ ശേഷം പുറത്തിറങ്ങിയ അന്‍സിബ മാധ്യമങ്ങളെ കാണുകയും തനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും കൃത്യമായി എസിപിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടൊപ്പം നടന്‍ ടിനി ടോമിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച അന്‍സിബ, അദ്ദേഹത്തിനെതിരെ നിയമനടപടികളിലേക്ക് കടക്കുന്ന കാര്യം തന്റെ അഭിഭാഷകനുമായി ആലോചിച്ച ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നും അറിയിച്ചു.
അതിനിടെ, താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ അന്‍സിബ ഹസന് പൂര്‍ണ്ണ പിന്തുണയുമായി നടന്‍ ആസിഫ് അലി രംഗത്തെത്തി. അന്‍സിബ ഇപ്പോള്‍ പരസ്യമായി പ്രതികരിച്ചത് മറ്റ് വഴികളില്ലാത്ത നിവൃത്തികേട് കൊണ്ടായിരിക്കാമെന്ന് ആസിഫ് അലി പറഞ്ഞു. ജാതി-മത പരമായ പ്രശ്നങ്ങളിലെ പ്രതികരണങ്ങളില്‍ എല്ലാവര്‍ക്കും സാമാന്യ ബുദ്ധി വേണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ അവിടെത്തന്നെ പരിഹരിക്കാന്‍ ശ്രമിക്കണം. എന്നാല്‍ അത് അവിടെ തീരാതെ വരുമ്പോഴായിരിക്കണം പൊതുസമൂഹത്തിന് മുന്നില്‍ പറയേണ്ടി വരുന്നത്. അന്‍സിബയെപ്പോലുള്ളവര്‍ അത്രത്തോളം നിവൃത്തികേട് വന്നതുകൊണ്ടാകാം കാര്യങ്ങള്‍ പുറത്തുപറഞ്ഞതെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
അന്‍സിബ ഉന്നയിച്ച വിഷയങ്ങളെ തുടര്‍ന്ന് താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ ഇപ്പോള്‍ പോലീസ് നടപടികളിലേക്ക് വരെ നീങ്ങിയിരിക്കുകയാണ്. ഈ വിവാദങ്ങള്‍ക്കിടയില്‍ തിങ്കളാഴ്ച മുതല്‍ 'അമ്മ'യുടെ നിര്‍ണ്ണായകമായ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ നടി അന്‍സിബ ഹസന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് സംഘടന കാരണം കാണിക്കല്‍ (ഷോ കോസ്) നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഇവരില്‍ നിന്നുള്ള വിശദീകരണം സംഘടന ആവശ്യപ്പെടും.