അച്ഛന് സത്യന്‍ അന്തിക്കാടിന്റെ പാത പിന്തുടര്‍ന്ന് സംവിധായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അനൂപ് സത്യന്‍. വരനെ ആവശ്യമുണ്ട് എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കി കൈയ്യടി നേടിയ അനൂപ് കഴിഞ്ഞ ദിവസം പങ്ക് വച്ച ഫെയ്‌സബുക്ക് പോസ്റ്റാണ് വൈറലായി മാറുന്നത്. അച്ഛനുമായി വഴിക്കിട്ട് മോഹന്‍ലാലിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച ഒരു മൂന്നാം ക്ലാസുകാരന്‍ പയ്യന്റെ കാര്യമാണ് അനൂപ് പങ്ക് വച്ചത്. തന്റെ ആദ്യ സിനിമയായ വരനെ ആവശ്യമുണ്ട് എന്ന ചിത്രം കണ്ട് മോഹന്‍ലാല്‍ വിളിച്ച കാര്യം പറഞ്ഞു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അനൂപ് സത്യന്‍ ഈ കഥ പറഞ്ഞത്.
അനൂപ് സത്യന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
'1993, അന്തിക്കാട്: ഞാന്‍ അന്ന് മൂന്നാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനുമായി ചെറിയ വഴക്കുണ്ടാവുകയും മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. (അന്നത്തെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകന്‍ ഞാന്‍ ആയിരുന്നു)
അച്ഛന് ഇത് തമാശയായി തോന്നി. അച്ഛന്‍ ഉടനെ തന്നെ മോഹന്‍ലാലിനെ വിളിച്ചു. എന്റെ കയ്യില്‍ റിസീവര്‍ തന്നിട്ട് മോഹന്‍ലാലിന് നിന്നോട് സംസാരിക്കണമെന്ന് പറയുന്നുവെന്ന് പറഞ്ഞു. ആ സാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള പക്വത എനിക്കന്ന് ആയിരുന്നില്ല. കള്ളച്ചിരിയുമായി ഞാന്‍ നിന്നു. അദ്ദേഹം അന്ന് ചിരിച്ച ചിരി ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
2020 - ഇന്ന് അന്തിക്കാടിന് സമീപം എവിടെയോ ഞാന്‍ കാര്‍ ഒതുക്കി, ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു, എന്റെ ചിത്രം അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞു..ഞാന്‍ അടക്കിച്ചിരിച്ചു. അദ്ദേഹത്തിന്റെ ചിരി ഇന്നും അങ്ങനെ തന്നെ...'അനൂപ് കുറിച്ചു.
ദുല്‍ഖര്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ ഒരുക്കിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ഫെബ്രുവരി 17ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു.