ഉദ്ഘാടന ചടങ്ങുകള്‍ക്കും സിനിമാ ഇവന്റുകള്‍ക്കും എത്തുന്ന അന്ന രാജന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പലപ്പോഴും ബോഡി ഷെയ്മിഗ് ചെയ്തു കൊണ്ടുള്ള കമന്റുകളാണ് അന്ന രാജന് നേരെ വരാറ്. ഇപ്പോഴിതാ തന്റെ ശരീരത്തെക്കുറിച്ച് നടി പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
'എക്‌സ്ട്രാ ഫിറ്റിങ്' ഊരിയതല്ല, മറിച്ച് കഠിനാധ്വാനത്തിലൂടെയാണ് ശരീരഭാരം കുറച്ചതെന്ന് അന്ന സാമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന രോഗത്തിന്റെ ചികിത്സയിലായിരുന്നു താനെന്നും, അതുകൊണ്ടുണ്ടായ ശരീരമാറ്റങ്ങളെക്കുറിച്ചും നടി വെളിപ്പെടുത്തി.
'ഇത് എക്‌സ്ട്രാ ഫിറ്റിങ് നീക്കം ചെയ്തത് കൊണ്ടല്ല, കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ്,' അന്ന രേഷ്മ രാജന്‍ പറഞ്ഞു. 'ശരീരഭാരം കുറഞ്ഞതില്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട്. ശരീരം വളരെയധികം ആരോഗ്യമുള്ളതായി തോന്നുന്നു. ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന രോഗത്തിന്റെ ചികിത്സയിലാണ് ഞാന്‍. തടി കുറച്ചപ്പോള്‍ മുമ്പത്തേക്കാള്‍ ചെറുപ്പമായതുപോലെ തോന്നുന്നു, ഇപ്പോള്‍ ഏറെ ആത്മവിശ്വാസം തോന്നുന്നു എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. ഇപ്പോഴും ഞാന്‍ ലക്ഷ്യത്തിലെത്തിയിട്ടില്ല, ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്.' 'ഇതാണ് ഞാന്‍ ആഗ്രഹിച്ചിരുന്ന യഥാര്‍ഥ ഞാന്‍. ഒടുവില്‍, ഞാന്‍ അത് നേടി. എല്ലാ യൂട്യൂബര്‍മാരോടും, എന്നെക്കുറിച്ച് കണ്ടന്റ് ഉണ്ടാക്കുന്നവരോടും ഒരു കാര്യം പറയാനാഗ്രഹിക്കുന്നു. ഞാന്‍ ഇത്രയും കാലം നിശബ്ദത പാലിച്ചത് എനിക്ക് ഉത്തരമില്ലാത്തതുകൊണ്ടല്ല, മറിച്ച് എന്നെക്കുറിച്ചുള്ള കണ്ടന്റുകളാണ് നിങ്ങളുടെ വീട്ടിലെ കഞ്ഞിക്ക് വകയാകുന്നത് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ്. അതിനാല്‍ ദയവായി, തുടരുക. പക്ഷേ നിങ്ങളുടെ സന്തോഷത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കരുത്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുക പക്ഷേ അത് ദയയുള്ളതായിരിക്കട്ടെ,' അന്ന രേഷ്മ രാജന്റെ വാക്കുകള്‍.
തന്റെ ശരീരമാറ്റങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അന്ന. പലരും 'എക്‌സ്ട്രാ ഫിറ്റിങ്' ഉപയോഗിക്കുന്നുവെന്ന് പ്രചരിപ്പിച്ചുവെന്നും, അത്തരം കമന്റുകള്‍ കണ്ടപ്പോള്‍ ചിരിയാണ് വന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ലിച്ചി' എന്ന വിളിപ്പേരില്‍ പ്രശസ്തയായ നടിയാണ് അന്ന രാജന്‍. 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമയിലെത്തിയത്.
ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് ലിച്ചി എന്നത്. ഉദ്ഘാടന വേദികളിലെ വസ്ത്രധാരണത്തിന്റെ പേരില്‍ അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരമായി വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. ഈ കമന്റുകള്‍ പലപ്പോഴും ബോഡി ഷെയ്മിങ് എന്ന നിലയിലേക്കും മാറാറുണ്ട്. ഇതിനെല്ലാമുള്ള ശക്തമായ മറുപടിയാണ് ഇപ്പോള്‍ അന്ന നല്‍കിയിരിക്കുന്നത്.