നടന്‍ ബാലയ്ക്കെതിരെ കേസ് എടുത്ത് പൊലീസ്. ഗായികയും ബാലയുടെ മുന്‍ ഭാര്യയുമായ അമൃത സുരേഷിന്റെ പരാതിയിലാണ് കേസ്. വിവാഹമോചന കരാറില്‍ വ്യാജ ഒപ്പിട്ടെന്നും മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി നടത്തിയെന്നതടക്കമുള്ള കുറ്റങ്ങളാണ് ബാലയ്ക്കെതിരെ ഉള്ളത്. നേരത്തെയും ബാലക്കെതിരെ കേസ് എടുത്തിരുന്നു.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് അമൃതയുടെ പരാതി. നേരത്തെ സോഷ്യല്‍ മീഡിയയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയില്‍ ബാലയെ അറസ്റ്റ് ചെയ്തിരുന്നു. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമര്‍ശങ്ങള്‍ അറസ്റ്റിന് കാരണമായിരുന്നു.
ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസിലെ പ്രതികളായിരുന്നു.വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയുണ്ട്. കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി കാണിച്ചു പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചു, ബാങ്കില്‍ മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിന്‍വലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ ബാല തെറ്റിദ്ധരിപ്പിച്ചുവെന്നും അമൃതയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
: 2010 ലായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. 9 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. മാനസികവും ശാരീരികവുമായ പീഡനം സഹിക്കവയ്യാതെ താന്‍ ബാലയുടെ വീട് വിട്ട് ഇറങ്ങുകയായിരുന്നുവെന്നാണ് വിവാഹമോചനം സംബന്ധിച്ച് അടുത്തിടെ അമൃത വെളിപ്പെടുത്തിയത്.
വിവാഹമോചന ഉടമ്പടിയില്‍ പറയുന്നതിന് വിപരീതമായി മകളെ അനാവശ്യമായി കേസില്‍ വലിച്ചിഴക്കുന്നുവെന്ന ആക്ഷേപം തുടക്കം മുതല്‍ അമൃത ബാലയ്‌ക്കെതിരെ ഉന്നയിച്ചിരുന്നു. അഭിമുഖങ്ങളിലെല്ലാം താന്‍ മകളെ കാണാന്‍ ബാലയെ അനുവദിക്കുന്നില്ലെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുകയാണ് എന്നായിരുന്നു ഗായിക ഉയര്‍ത്തിയ വിമര്‍ശനം. വിവാഹമോചന ഉടമ്പടി പ്രകാരം പലതവണ മകളെ കോടതിയില്‍ കൊണ്ടുപോയിട്ടും കോടതിയില്‍ കാണാന്‍ ബാല വന്നില്ലെന്നും അത്തരത്തിലൊരു ശ്രമവും നടത്താതെയാണ് മകളെ കാണിക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പരാതിപ്പെടുന്നത് എന്നാണ് അമൃത തുറന്നടിച്ചത്.