Latest News

അമ്മ' പിളര്‍പ്പിലേക്ക്; ട്രേഡ് യൂണിയന്‍ ഉണ്ടാക്കാന്‍ ഒരു വിഭാഗത്തിന്റെ നീക്കം; ഫെഫ്കയില്‍ അഫിലിയേഷന്‍ തേടി 20 അംഗങ്ങള്‍; ചാരിറ്റബിള്‍ പ്രസ്ഥാനമായി തുടരുമെന്ന് ജയന്‍ ചേര്‍ത്തല പുതിയ ട്രേഡ് യൂണിയന്‍ ആരംഭിക്കാന്‍ സാധ്യത തേടി താരങ്ങള്‍ 

Malayalilife
topbanner
 അമ്മ' പിളര്‍പ്പിലേക്ക്; ട്രേഡ് യൂണിയന്‍ ഉണ്ടാക്കാന്‍ ഒരു വിഭാഗത്തിന്റെ നീക്കം; ഫെഫ്കയില്‍ അഫിലിയേഷന്‍ തേടി 20 അംഗങ്ങള്‍; ചാരിറ്റബിള്‍ പ്രസ്ഥാനമായി തുടരുമെന്ന് ജയന്‍ ചേര്‍ത്തല പുതിയ ട്രേഡ് യൂണിയന്‍ ആരംഭിക്കാന്‍ സാധ്യത തേടി താരങ്ങള്‍ 

താര സംഘടനയായ 'അമ്മ' പിളര്‍പ്പിലേക്കെന്ന സൂചന നല്‍കി ഇരുപതോളം താരങ്ങള്‍ പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ നീക്കം. അമ്മയുടെ പ്രവര്‍ത്തനം തൊഴിലാളി സംഘടന രൂപത്തിലേക്ക് മാറ്റാന്‍ സഹായം ആവശ്യപ്പെട്ട് അമ്മയിലെ ഇരുപതോളം അംഗങ്ങള്‍ സമീപിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തി. അഞ്ഞൂറിലധികം അംഗങ്ങളാണ് അമ്മയിലുള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി രാജി വച്ചിരുന്നു. പുതിയ ട്രേഡ് യൂണിയന്‍ ആരംഭിക്കാനുള്ള സാധ്യതകളാണ് താരങ്ങള്‍ തേടിയത്. 

ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ താരങ്ങള്‍ സമീപിച്ച കാര്യം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിച്ചു. സംഘടന രൂപീകരിച്ച് പേരുവിവരം സഹിതം എത്തിയാല്‍ പരിഗണിക്കാമെന്ന് ഫെഫ്ക്ക നേതൃത്വം അറിയിച്ചു. അമ്മയുടെ സ്വത്വം നിലനിര്‍ത്തിയാണ് പുതിയ സംഘടനയെക്കുറിച്ച് ആലോചിക്കുന്നതെന്നും പിളര്‍പ്പിലേക്ക് പോകുന്നു എന്നു പറയുന്നത് ശരിയല്ലെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പലഘട്ടങ്ങളിലായാണ് താരങ്ങള്‍ ചര്‍ച്ച നടത്തിയത്. അംഗമായി ഫെഫ്ക്കയിലേക്ക് ചേരാന്‍ കഴിയുമോ എന്നാണ് ചോദിച്ചത്. ഫെഫ്ക്കയില്‍ ഇപ്പോള്‍ 21 യൂണിയനുകളുണ്ട്. ബൈലോയും പ്രവര്‍ത്തനരീതിയും ബോധ്യപ്പെട്ടാലേ അംഗീകാരം നല്‍കാന്‍ കഴിയൂ എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. രണ്ട് തരത്തിലുള്ള സംഘടനാ പ്രവര്‍ത്തനം സാധ്യമാണ്. അമ്മ ട്രേഡ് യൂണിയനല്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്കയില്‍ അഫിലിയേഷന്‍ വേണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫെഫ്കയ്ക്ക് ഇത് സാധ്യമല്ല എന്ന കാര്യം അവരെ അറിയിച്ചതായും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെ താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവച്ചിരുന്നു. തുടര്‍ന്ന് താര സംഘടനയായ അമ്മയില്‍ ചേരിതിരിവ് രൂക്ഷമാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ജനറല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. അമ്മ ചാരിറ്റബിള്‍ സോസേറ്റി ആക്ട് പ്രകാരം റജിസ്ട്രര്‍ ചെയ്ത സംഘടനയാണ്. അതില്‍ നിന്ന് ഒരു വിഭാഗം അതിനെ തൊഴിലാളി സംഘടനയായി മാറ്റണം എന്ന ആവശ്യം ഉന്നയിച്ചുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ പുറത്ത് എത്തുന്നത്. നേരത്തെ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം എക്സിക്യൂട്ടീവിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചിരുന്നു. എന്നാല്‍ ചില അംഗങ്ങള്‍ ഇതില്‍ എതിര്‍പ്പ് അറിയിച്ച് രംഗത്ത് എത്തിയിരുന്നു. 

അതേ സമയം അമ്മയുടെ ഭാരവാഹികളായ ആരും ഫെഫ്കയെ സമീപിച്ചിട്ടില്ല എന്ന് മുന്‍ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പറഞ്ഞു. അമ്മ ചാരിറ്റബിള്‍ പ്രസ്ഥാനമായി തന്നെ തുടരും. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. അതേ സമയം സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നം പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക രംഗത്തെത്തിയിരുന്നു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. കമ്മിറ്റി കേള്‍ക്കേണ്ടവരെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നാണ് ബി.ഉണ്ണികൃഷ്ണന്‍ ആരോപിക്കുന്നത്. 

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പേരുകള്‍ പുറത്തു വരണം എന്നാണ് ഫെഫ്കയുടെ നേരത്തെയുള്ള നിലപാട്. ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്കക്ക് വിമര്‍ശനം ഉണ്ട്. പ്രധാന വിമര്‍ശനം ഹേമ കമ്മറ്റി കാണേണ്ട ആളുകളെ കണ്ടിട്ടില്ല എന്നതാണ്. എന്തു കൊണ്ടു തെരഞ്ഞെടുക്കപെട്ടവരെ മാത്രം കണ്ടുവെന്ന് വ്യക്തമാക്കണം. ഒരു ചോദ്യവലി ഉണ്ടാക്കി ഡബ്യുസിസി അംഗങ്ങള്‍ക്ക് അയച്ചു എന്ന് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പന്ത്രണ്ടാം പേജില്‍ തന്നെ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഡബ്ല്യുസിസിയെ മാത്രം തിരഞ്ഞെടുത്തത്. മറ്റ് സിനിമ സംഘടനകളെ എന്തിന് ഒഴിവാക്കി. ഹേമ കമ്മറ്റി ഡബ്ല്യുസിസിയുമായി ഗ്രൂപ്പ് മീറ്റിംഗ് നടത്തി എന്ന് പറയുന്നു. എന്തുകൊണ്ട് മറ്റുള്ളവരെ ഒഴിവാക്കിയെന്ന് വ്യക്തമാക്കണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു.

Read more topics: # അമ്മ
amma might split fefka

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES