സൂര്യയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിൽ നിന്ന് തെലുങ്ക് നടനും അല്ലു അർജ്ജുന്റെ സഹോദരനുമായ അല്ലു സിരിഷ് പിന്മാറി. ചിത്രത്തിനായി നൽകാൻ ഡേറ്റില്ലെന്നും അതിനാൽ താൻ പിന്മാറുകയാണെന്നുമാണ് സിരീഷ് അറിയിച്ചിരിക്കുന്നത്
സൂര്യ, മോഹൻലാൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കെ. വി ആനന്ദ് ഒരുക്കുന്ന ചിത്രത്തിൽ നിന്ന് ഡേറ്റ് ഇല്ലാത്തതുകൊണ്ട് പുറത്തുപോകുന്നുവെന്നാണ് അല്ലു സിരീഷിന്റെ വിശദീകരണം.ഞാൻ സൂര്യയുടെ ചിത്രത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുപോകുന്നു. ഞാൻ പ്രധാനവേഷത്തിലെത്തുന്ന എ.ബി.സി.ഡി എന്ന സിനിമയുടെ ഷെഡ്യൂളും സൂര്യാ ചിത്രത്തിന്റെ ഷെഡ്യൂളും കൂട്ടിമുട്ടുന്നു. അതിനാൽ ഞാൻ ഈ പ്രൊജക്ടിൽ നിന്ന് സ്വയം പിന്മാറുകയാണ്. കെ.വി ആനന്ദ് സാർ എന്റെ അവസ്ഥ മനസിലാക്കിയിട്ടുണ്ട്.
ഈ ചിത്രത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ ഞാൻ ഏറെ സന്തോഷവാനായിരുന്നു. കെ.വി ആനന്ദിനും സൂര്യയ്ക്കും ഹൃദയംനിറഞ്ഞ നന്ദി. ഈ സിനിമയുടെ വിജയത്തിന് പ്രാർത്ഥിക്കുന്നു. ഇനിയും ഈ മനോഹരമായ ടീമിനൊപ്പം ജോലിചെയ്യാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു അല്ലു സിരീഷ് പറഞ്ഞു.
ലണ്ടനിൽ ചിത്രീകരിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിട്ടുണ്ട്. പ്രതിനായക വേഷത്തിലാകും മോഹൻലാൽ ചിത്രത്തിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ.