നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കുറിപ്പുമായി അഖില്‍ മാരാര്‍. ഈശ്വരന്‍ എന്റെ മനസാക്ഷിയോട് പറഞ്ഞ സത്യങ്ങള്‍ ഒന്നും നാളിതുവരെ തെറ്റിയ ചരിത്രമില്ലെന്നും അന്നും ഇന്നും സത്യത്തിനൊപ്പമാണെന്നും ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അഖില്‍ മാരാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത് ഇങ്ങനെ: 'സത്യം ജയിക്കും സത്യമേ ജയിക്കൂ... ഈശ്വരന്‍ എന്റെ മനസാക്ഷിയോട് പറഞ്ഞ സത്യങ്ങള്‍ ഒന്നും നാളിതുവരെ തെറ്റിയ ചരിത്രമില്ല... അന്നും ഇന്നും സത്യത്തിനൊപ്പം.'
നേരത്തെ, ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ സംവിധായകന്‍ കെ.പി. വ്യാസന്‍ തന്റെ സന്തോഷം പങ്കുവെച്ചിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യാസന്‍ മാധ്യമങ്ങളെയും പ്രോസിക്യൂഷനെയും ശക്തമായി വിമര്‍ശിച്ചു. 'മാദ്ധ്യമങ്ങളുടെ സ്മാര്‍ട്ട് വിചാരത്തിനും, പ്രോസിക്യൂഷന്‍ മെനഞ്ഞ കള്ളക്കഥകള്‍ക്കുമിടയില്‍ നിന്ന് സത്യത്തിന്റെ പാലാഴി കടഞ്ഞ് നീതിയുടെ അമൃത് എടുത്ത ഈ ധീര വനിതയ്ക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്. മാദ്ധ്യമ വിചാരണ നടത്തി ചാനല്‍ ജഡ്ജിമാര്‍ അല്ല വിധി പറയേണ്ടത്, കോടതികള്‍ ആണ് യഥാര്‍ത്ഥ വിധികര്‍ത്താക്കളെന്ന് ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്.'
പോലീസും, മാദ്ധ്യമങ്ങളും, സര്‍ക്കാരിന്റെ നിയമ സംവിധാനങ്ങളും ഒത്തൊരുമിച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ അത് ആരെയോ കുടുക്കാന്‍ തുനിഞ്ഞിറങ്ങിയതാണെന്ന് ഉറപ്പിക്കാമെന്നും, അത്തരം ചതിയില്‍ നിന്ന് ദൈവത്തിനോ ദൈവതുല്യനായ ഒരാള്‍ക്കോ മാത്രമേ രക്ഷിക്കാന്‍ സാധിക്കൂ എന്നും വ്യാസന്‍ കൂട്ടിച്ചേര്‍ത്തു. എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാന്‍ ആര്‍ക്കുമാവില്ലെന്നും 'സത്യമേവ ജയതേ' എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.
കൂടാതെ, മാധ്യമപ്രവര്‍ത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും സുഹൃത്തുക്കളാക്കരുതെന്നും, പരിചയം നടിക്കുന്നവരായിരിക്കും വ്യാജവാര്‍ത്ത ഉണ്ടാക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.