മലയാള സിനിമയില്‍ ഹാസ്യത്തിന് പുതുമുഖം നല്കി ഏവരുടേയും മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ് അജു വര്‍ഗ്ഗീസ്. മാധ്യമപ്രവര്‍ത്തകനായ അര്‍ണാബ് ഗോസാമിക്കെതിരെ കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച ഒരു വരിയും അതേത്തുടര്‍ന്ന് നടക്കുന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിന് സഹായം പ്രഖ്യാപിച്ച യുഎഇ സര്‍ക്കാരിന്റെ നടപടിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച റിപ്പബ്ലിക് ടിവി മാനേജിങ് ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണാബ് ഗോസ്വാമിയെ പരിഹസിച്ചുകൊണ്ടാണ് അജു വര്‍ഗ്ഗീസ് ഫേസ്ബുക്കില്‍ തന്റെ വിമര്‍ശനം രേഖപ്പെടുത്തിയത്. മോനെ ഗോസ്വാമീ നീ തീര്‍ന്നുവെന്നാണ് താരം ഫേസ് ബുക്കില്‍ കുറിച്ചത്.
നിമിഷ നേരം കൊണ്ട് താരത്തിന്റെ പോസ്റ്റ് വൈറലാവുകയും അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് താരം പുതിയ പോസ്റ്റുമായെത്തിയത്. തന്റെ മുന്‍പോസ്റ്റിനെ വിശദീകരിച്ചാണ് അജുവിന്റെ പുതിയ കുറിപ്പ്. റിപ്പബ്ലിക് ടിവി വിഷയവുമായി ബന്ധപ്പെട്ട് അജു പോസ്റ്റ് ചെയ്ത വരിയുമായി ബന്ധപ്പെട്ട പൊങ്കാല ഇപ്പോഴും തുടരുകയാണ്. സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചാണ് ചിലര്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ഇതിന് ശേഷം അദ്ദേഹം വേറെ സംഭവം പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അതിന് കീഴിലെല്ലാം ഇതായിരുന്നു വിഷയമായെത്തിയത്.ദുരന്തം വരുമ്പോള്‍ കൈപിടിച്ച് കട്ടക്ക് കൂടെ നിന്നവരാണ് മലയാളികളെന്നും അപ്പോഴൊന്നും ശബ്ദിക്കാതിരുന്ന ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ രംഗത്തുവന്നതിനെക്കുറിച്ചുമായിരുന്നു താരത്തിന്റെ പുതിയ പോസ്റ്റ്. പ്രതിസന്ധികളെ അതിജീവിച്ച് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുന്നതിനിടയിലെ അഭിപ്രായവ്യാത്യാസം തങ്ങള്‍ തന്നെ പറഞ്ഞുതീര്‍ക്കുമെന്നും അവിടെയാരും വാഴ വെട്ടാനായി വരരുതെന്നുമാണ് താരം കുറിച്ചത്. ഇക്കാര്യം പറയാനായി ഒരു രാഷ്ട്രീയ അംഗത്വവും വേണ്ടെന്നും മലയാളി ആയാല്‍ മതിയെന്നും താരം കുറിച്ചിട്ടുണ്ട്.
അര്‍ണാബ് ഗോസാമി എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാതെയാണ് അജു വര്‍ഗ്ഗീസ് പ്രതികരിക്കുന്നതെന്നാണ് ചിലരുടെ കമന്റ്. ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇടാതെ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജ് ശ്രദ്ധിച്ച് എങ്ങനെ പോസ്റ്റ് ഇടാമെന്ന് പഠിക്കാനാണ് മറ്റൊരാള്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതുപോലെയുള്ള മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നതിന് മുന്‍പ് ഇത് വിശ്വസിക്കാനും ആള്‍ക്കാര്‍ ഉണ്ടെന്നോര്‍ക്കണമെന്നും ഒരാള്‍ താരത്തിന് മുന്നറിയിപ്പും നല്‍കി. അലന്‍സിയറിനെപോലെ അനാവശ്യ പ്രതികരണങ്ങള്‍ നടത്തി പണി വാങ്ങിക്കൂട്ടി അജു ചിലപ്പോള്‍ വിസ്മൃതിയിലായേക്കാമെന്നാണ് വേറൊരാളുടെ പ്രതികരണം. കേരളത്തിലെ യുവജനത വിചാരിച്ചാല്‍ എന്തും നടക്കുമെന്ന് താങ്കള്‍ക്ക് മനസ്സിലായല്ലോ, ഫേസ്ബുക്ക് പോസ്റ്റ് ഇടുമ്പോള്‍ സൂക്ഷിക്കണമെന്നും പിള്ളേര്‍ ഒരുമിച്ചെത്തിയാല്‍ സിനിമ നിര്‍ത്തി വീട്ടില്‍ ഇരിക്കേണ്ട അവസ്ഥ വരുമെന്നുമുള്ള മുന്നറിയിപ്പും നല്‍കി നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.