നടന്‍ ബാലയ്‌ക്കെതിരെ പരാതി നല്‍കി യൂട്യൂബര്‍ അജു അലക്സ്. തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായി യൂട്യൂബര്‍ അജു അലക്സ് പറയുന്നു. തൃക്കാക്കര പൊലീസിലാണ് നടനെതിരെ പരാതി നല്‍കിയത്.
മുന്‍ പങ്കാളി എലിസബത്തിനും യൂട്യൂബര്‍ അജു അലക്‌സിനുമെതിരെ നടന്‍ ബാല കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു . സമൂഹമാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നും അപവാദ പ്രചാരണം നടത്തുവെന്നും ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.
ബാലയുടെ ഭാര്യ കോകിലയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചെകുത്താന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്‌സുമായി ചേര്‍ന്ന് എലിസബത്ത് തുടര്‍ച്ചയായി അപമാനിക്കുന്നു എന്നാണ് ബാല കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തുകയാണ്. അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് അജ്ഞാത ഫോണ്‍ കോള്‍ വന്നിരുന്നു. പണം നല്‍കാത്തതാണ് അപവാദപ്രചാരണത്തിന് പിന്നിലെന്നും ഇരുവരും ചേര്‍ന്ന് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ബാല പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.