ഒരു കാലത്തു മലയാളികളുടെ മനസ്സിന്റെ പാതിയായിരുന്ന ബേബി ശാലിനി ഇപ്പോള്‍ തമിഴകത്തിന്റെ മരുമകളാണ്.ബാലതാരമായി സിനിമയിലെത്തിയ ബേബി ശാലിനി വര്‍ഷങ്ങള്‍ക്കിപ്പുറം നായിക ആയി രംഗപ്രവേശനം ചെയ്തപ്പോഴും പേരിനൊപ്പമുള്ള ബേബി എന്ന വിളിയില്‍ മാറ്റമൊന്നും വന്നിട്ടില്ല. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ ആണ് താരം തമിഴിലെ സൂപ്പര്‍ സ്റ്റാര്‍ അജിത് കുമാറുമായി പ്രണയത്തിലാവുന്നതും വിവാഹം ചെയ്യുന്നതും. വിവാഹ ശേഷം രണ്ടു മക്കളും കുടുംബവും എന്ന പ്രയോരിറ്റിയിലേക്ക് ശാലിനി മാറിയപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.
2001 ല്‍ ആയിരുന്നു ശാലിനിയും അജിത്തും തമ്മിലുള്ള വിവാഹം. അതായത് ശാലിനി സിനിമാലോകം വിട്ടിട്ട് 24 വര്‍ഷത്തിലേറെയായി. ഇപ്പോളിതാ കേരളത്തിലെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയുടെ മനസ് കീഴടക്കുന്നത്.പാലക്കാട് പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അജിത്, ശാലിനി, മകന്‍ അ്ദ്വിക് എന്നിവരുടെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.
'അനുഗ്രഹപൂര്‍ണ്ണമായ ഒത്തുചേരലിന്റെ ദിവസം' എന്ന കുറിപ്പോടെയാണ് ക്ഷേത്ര സന്നിധിയില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പോസ്റ്റു ചെയ്തത്. ഗോള്‍ഡനും മഞ്ഞയും നിറത്തിലുള്ള ചുരിദാര്‍ ധരിച്ചാണ് ശാലിനി എത്തിയത്. അതേസമയം പരമ്പരാഗത വേഷത്തിലായിരുന്നു അജിത്തും മകനും. പച്ചയും സ്വര്‍ണക്കരയുമുള്ള മുണ്ടും മേല്‍മുണ്ടുമായിരുന്നു അജിത്തിന്റെ വേഷം.
ഇതിനിടെ അജിത്തിന്റെ നെഞ്ചിലെ ടാറ്റൂവും ആരാധകശ്രദ്ധ നേടിയിരിക്കുക.യാണ്. ദേവീരൂപമെന്നു തോന്നിപ്പിക്കുന്ന ഡിസൈന്‍ ആണ് അജിത് നെഞ്ചില്‍ പച്ച കുത്തിയിരിക്കുന്നത്. ഊട്ടുകുളങ്ങര ദേവിയുടെ രൂപമാണ് അതെന്നും അജിത്തിന്റെ കുലദേവതയാണ് ഈ ദേവിയെന്നും ഒരു ആരാധകന്‍ കമന്റ് ചെയ്തു. ഇതിനു മുന്‍പും അജിത് ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്.