ബോളിവുഡില്‍ ധാരാളം ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായ്യും അഭിഷേക് ബച്ചനും. ഇരുവരും സമൂഹമാദ്ധ്യമങ്ങളില്‍ വളരെ സജീവമാണ്. താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും ധാരാളം ലൈക്കുകള്‍ ലഭിക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ 17ാമത് വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ചിത്രം ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതാണ് ശ്രദ്ധനേടുന്നത്. മകള്‍ ആരാധ്യയോടൊപ്പമുള്ള ചിത്രമാണ് താരദമ്പതികള്‍ പങ്കുവച്ചിരിക്കുന്നത്.
ഹൃദയത്തിന്റെ രൂപത്തിലുള്ള ഇമോജിയോടൊപ്പമാണ് അഭിഷേകും ഐശ്വര്യയും കുടുംബച്ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് റിതേഷ് ദേശ്മുഖ്, ബോബി ഡിയോള്‍, സോനു സൂദ് അടക്കമുള്ള സെലിബ്രിറ്റികള്‍ ആശംസകളും അറിയിച്ചിട്ടുണ്ട്.
അഭിഷേകും ഐശ്വര്യയും 2000-ല്‍ ധായ് അക്ഷര്‍ പ്രേം കേ എന്ന ചിത്രത്തിലാണ് ആദ്യമായി ഒന്നിച്ചത്. പിന്നീട് 2006-ല്‍ ഉംറാവു ജാന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ച് എത്തിയതോടെ അടുത്ത സുഹൃത്തുക്കളായി.
ന്യൂയോര്‍ക്കില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഐശ്വര്യയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ആദ്യമായി ഒരു ഹോട്ടല്‍ മുറിയുടെ ബാല്‍ക്കണിയില്‍ വച്ച് അഭിഷേക് വെളിപ്പെടുത്തിയെന്ന് ഐശ്വര്യ ഓപ്ര വിന്‍ഫ്രെ ഷോയില്‍ പറഞ്ഞിട്ടുണ്ട്.
മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. പുതിയ പ്രൊജക്ടുകള്‍ ഒന്നും ഐശ്വര്യ ഇതുവരെ ഒപ്പിട്ടിട്ടില്ലെന്നാണ് വിവരം. എന്നാല്‍ പരസ്യ ചിത്രങ്ങളില്‍ അടക്കം ഐശ്വര്യ സജീവമാണ്.
2023ല്‍ പുറത്തിറങ്ങിയ ആര് ബാല്‍ക്കിയുടെ ഗൂമര്‍ എന്ന ചിത്രത്തിലാണ് അഭിഷേക് അവസാനമായി അഭിനയിച്ചത്. ഷൂജിത് സിര്‍കാറിന്റെ അടുത്ത ചിത്രത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്.