അഭിനയിച്ച അഞ്ചു ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായി അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ മുഴുനീള കഥാപാത്രം ആയിരുന്നില്ലെങ്കിലും ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ടോവിനോയുടെ നായികയായി എത്തിയ മായനദിയിലെ പ്രകടനം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയിപ്പോള്‍ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. വളെര കുറച്ചു സിനിമകളിലെ അഭിനയം കൊണ്ട് ഇത്രയധികം ശ്രദ്ധിക്കപ്പെട്ട ചുരുക്കം നടിമാരില്‍ ഒരാള്‍ കൂടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്' തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. അതേസമയം മായാനദി തീയറ്ററില്‍ പോയി കണ്ടപ്പോഴുള്ള അനുഭവം നടി പങ്കുവച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്.
ചിത്രത്തിലെ അപ്പു എന്ന അപര്‍ണയുടെ കഥാപാത്രമായിട്ടാണ് പ്രേക്ഷകര്‍ ഇന്നും ഐശ്വര്യ ലക്ഷ്മിയെ ഓര്‍ക്കുന്നത്. മായാനദിയിലെ അഭിനയം കണ്ട് മാതാപിതാക്കള്‍ക്ക് ആദ്യം വിഷമം ഉണ്ടായിരുന്നുവെന്നും പിന്നീട് അത് മാറിയെന്നും ഐശ്വര്യ മുന്‍പ് പറഞ്ഞിരുന്നു. ഇപ്പോള്‍ മായാനദി തിയേറ്ററില്‍ പോയി കണ്ടപ്പോഴുളള അനുഭവത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കയാണ്. ആദ്യ സിനിമ തനിക്ക് അങ്ങേയറ്റം വൈകാരികമായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം വ്യക്തമാക്കിയത്. ഐശ്വര്യയുടെ ആദ്യ സിനിമ ' ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' ആയിരുന്നു. ' മായാനദി' യുടെ ഷൂട്ടിംഗ് നടക്കുന്ന സമയമായതിനാല്‍ ആ സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ കാണാന്‍ സാധിച്ചില്ല. . ആദ്യം തിയേറ്ററില്‍ കാണുന്ന എന്റെ സിനിമ മായാനദി ആയിരുന്നു. ഈ സമയത്ത് ടെന്‍ഷന്‍ കുറയ്ക്കാനായി താന്‍ മരുന്നു കഴിച്ചുവെന്ന് ഐശ്വര്യ പറയുന്നു.. ദേശീയ ഗാനം തുടങ്ങിയപ്പോള്‍ മുതല്‍ തനിക്ക് കരച്ചില്‍ വരാന്‍ തുടങ്ങിയെന്നും താരം വ്യക്തമാക്കി. അത്രയ്ക്കും വൈകാരികമായിരുന്നു ആദ്യ സിനിമ സ്‌ക്രീനില്‍ കാണുന്ന അനുഭവം. യാത്രയും പ്രണയവും ഒത്തു ചേരുന്ന ഒരു പ്രോജക്റ്റ് ആണ് തന്റെ സ്വപ്നത്തിലെ അടുത്ത സിനിമയെന്ന് ഐശ്വര്യ പറയുന്നു.