ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മലയാളികള്‍ക്ക് എക്കാലവും പ്രിയങ്കരിയായ നടിയാണ് സലീമ. നഖക്ഷതങ്ങള്‍, ആരണ്യകം തുടങ്ങിയ ചുരുക്കം സിനിമകളിലൂടെ ശ്രദ്ധ നേടിയ സലീമ അവസാനമായി പ്രത്യക്ഷപ്പെട്ടത് ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രമെന്ന ആസിഫ് അലി സിനിമയിലാണ്. ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴെല്ലാം ആരോഗ്യവതിയായിരുന്ന, ഒരു കുഴപ്പവുമില്ലാതിരുന്ന 54കാരിയായ നടി ഇപ്പോഴിതാ, മരണത്തിന്റെ വക്കോളമെത്തി നില്‍ക്കുന്ന അവസ്ഥയിലാണ്. വിവാഹം പോലും കഴിക്കാതെ ജീവിച്ച നടിയ്ക്ക് ഒരു ചെറിയ വേദനയില്‍ തുടങ്ങിയ പ്രശ്നമാണ് ഇപ്പോള്‍ ജീവനു തന്നെ ആപത്താകുന്ന തരത്തില്‍ എത്തിനില്‍ക്കുന്നത്. സഹായിക്കാന്‍ ആരുമില്ലാതെ, ചികിത്സിക്കാന്‍ ആശുപത്രിയില്‍ കൊടുക്കേണ്ട ലക്ഷങ്ങള്‍ക്ക് എന്തു ചെയ്യണമെന്നു പോലും അറിയാത്ത അവസ്ഥയിലാണുള്ളത്.
സാധാരണ എല്ലാവര്‍ക്കും ഉണ്ടാകുന്ന പ്രശ്നമാണ് ഭക്ഷണം കഴിക്കുമ്പോഴൊക്കെ കവിളൊന്നു കടിച്ചു പോകുന്നത്. ഇങ്ങനെ സലീമയ്ക്കും അതു സംഭവിച്ചു. അണപ്പല്ല് കടിച്ച് കവിളൊന്നുമുറഞ്ഞു. അതു പിന്നെ തുടര്‍ച്ചയായി. എപ്പോഴും കവിളില്‍ മുറിവും ചോരയും. മുറിവുണങ്ങിയില്ല. തുടര്‍ച്ചയായി കവിളത്തേറ്റ കടിയുടെ വേദന പതുക്കെ മോണ വേദനയിലേക്കും എത്തിതുടങ്ങി. അപ്പോഴും കരുതിയത് പല്ലിന് കേടുവന്നതായിരിക്കുമെന്നാണ്. ചെറിയ ചെറിയ മരുന്നുകളും മറ്റുമായി ആ വേദനയെ അകറ്റാന്‍ ശ്രമിച്ചു. ആദ്യമൊക്കെ അതു ഫലിച്ചെങ്കിലും പിന്നീട് അതൊന്നും ഏല്‍ക്കാതെയായി. പതുക്കെ വേദന കഴുത്തിലേക്കും വ്യാപിച്ചു തുടങ്ങി. വേദന സഹിക്കാനാകാതെ ഒന്നും കഴിക്കാനും ഉറങ്ങാനും പോലും പറ്റാത്ത അവസ്ഥയില്‍ എത്തിയപ്പോഴാണ് സലീമ ആശുപത്രിയിലേക്ക് എത്തിയത്.
മുറിവ് കണ്ട മാത്രയില്‍ തന്നെ ഡോക്ടര്‍ക്ക് സംശയം തോന്നി. മുന്നും പിന്നും ചിന്തിക്കാതെ ഡോക്ടര്‍ അത് ബയോപ്സിയ്ക്ക് അയച്ചു. പിന്നാലെ നിരവധി പരിശോധനകളും. ഒടുവില്‍ ഫലം എത്തിയപ്പോള്‍ കഴുത്തിലെ ലിംഫ് നോഡുകളിലും പ്രശ്നം കണ്ടു. പിന്നാലെ ബയോപ്സിയുടെ റിസള്‍ട്ടും വന്നു. അത് പരിശോധിച്ചപ്പോഴാണ് നടിയ്ക്ക് കാര്‍സിനോമ എന്ന ഓറല്‍ കാന്‍സറാണെന്ന് കണ്ടെത്തിയത്. കഴുത്തിലെ ലിംഫ് നോഡുകളിലേക്കും രോഗം പടര്‍ന്നിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് നടിയെ. അധികം വൈകാതെ ഒരു ശസ്ത്രക്രിയ നടത്തിയാല്‍ വായിലെ കാന്‍സര്‍ നീക്കം ചെയ്യാന്‍ സാധിക്കും. പക്ഷെ വലിയൊരു തുക ചികിത്സയ്ക്കും ശസ്ത്രക്രിയ്ക്കും എല്ലാമായി ആവശ്യമായി വരും. തുടര്‍ ചികിത്സയ്ക്കായി 20 ലക്ഷത്തിന് അടുത്ത് രൂപ വേണം.
സര്‍ജറിക്ക് അടക്കം എല്ലാത്തിനുമായി ഇത്രയും ഭാരിച്ചൊരു തുക എടുക്കാനുള്ള സാമ്പത്തികശേഷി നടിക്കില്ല. അത് മനസിലാക്കി നടിയുടെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് സുഹൃത്തുകള്‍ ഇപ്പോള്‍. അവിവാഹിതയായ, സഹായിക്കാനാരുമില്ലാത്ത നടിയ്ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കളാണ് ഇപ്പോള്‍ ഒപ്പമുള്ളച്യ നടി ചാര്‍മിള അടക്കമുള്ളവര്‍ സലീമയുടെ അസുഖവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും സാമ്പത്തിക സഹായം നല്‍കാന്‍ മനസുള്ളവര്‍ക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.
വിവിധ ഭാഷകളില്‍ മുന്നൂറോളം സിനിമകളില്‍ നായികയായും ഹാസ്യനടിയായും അഭിനയിച്ച ഗിരിജയുടെ മകളാണ് സലീമ. കലേശ്വരി ദേവി എന്നാണ് യഥാര്‍ത്ഥ പേര്. നടി ഗിരിജയുടെ മകളെന്ന ടാഗാണ് തുടക്കകാലത്ത് സലീമയ്ക്ക് സിനിമകള്‍ കിട്ടാന്‍ കാരണമായത്. തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. നടി എന്നതിലുപരി സംരംഭകയുമെല്ലാമായിരുന്നു സലീമ. നടിയുടെ സിനിമ അരങ്ങേറ്റം തെലുങ്ക് സിനിമ മേഘസന്ദേശത്തിലൂടെയായിരുന്നു. പിന്നീട് തമിഴില്‍ സിനിമ ചെയ്തു. ശേഷമാണ് ഞാന്‍ പിറന്ന നാട്ടില്‍ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തുന്നത്. നഖക്ഷതങ്ങള്‍ ആയിരുന്നു സലീമയുടെ ആദ്യത്തെ മലയാളം ഹിറ്റ്. പിന്നീടാണ് ആരണ്യകം, മഹായാനം, വന്ദനം തുടങ്ങിയ സിനിമകള്‍ സലീമയുടെ കരിയറില്‍ സംഭവിക്കുന്നത്.
ശേഷം സലീമയെ മലയാള സിനിമയില്‍ കണ്ടിട്ടില്ല. ബിസിനസുമായി ബന്ധപ്പെട്ട തിരക്കുകള്‍ കൊണ്ടും വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ടുമാണ് സിനിമയില്‍ നിന്ന് മാറി നിന്നത് എന്നാണ് തിരികെ എത്തിയപ്പോള്‍ നടി പ്രതികരിച്ച് പറഞ്ഞത്. ഒരു കാലത്ത് വിലപിടിപ്പുള്ള താരമായിരുന്നിട്ടും സാമ്പത്തിക ഭദ്രത നടിക്കുണ്ടായിരുന്നില്ലേയെന്ന സംശയവും ആരാധകര്‍ക്കുണ്ട്. അമ്മ ഗിരിജയും ഒരു കാലത്ത് മാര്‍ക്കറ്റ് വാല്യുവുള്ള നടിയായിരുന്നു.