'മൊഴി നല്‍കിയവരുടെ അറിവില്ലാതെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുത്; സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണം'; നടി രഞ്ജിനി ഹൈക്കോടതിയില്‍

Malayalilife
 'മൊഴി നല്‍കിയവരുടെ അറിവില്ലാതെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുത്; സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണം'; നടി രഞ്ജിനി ഹൈക്കോടതിയില്‍

കൊച്ചി: ചലച്ചിത്രമേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത് തടയാന്‍ വീണ്ടും നീക്കം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത ദിവസം പുറത്ത് വിടാനിരിക്കെ ഹര്‍ജിയുമായി നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു. പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. മൊഴി നല്‍കിയവര്‍ക്ക് പകര്‍പ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തിയാകണം റിപ്പോര്‍ട്ട് പുറത്തു വിടേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നടിയുടെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

സര്‍ക്കാര്‍ ശനിയാഴ്ച (ഓഗസ്റ്റ് 17) റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്കുമുന്‍പില്‍ താന്‍ മൊഴി കൊടുത്തതാണെന്ന് നടി പറയുന്നു. മുമ്പ് കോടതിയെ സമീപിക്കാത്ത ഹര്‍ജിക്കാരിക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടയണമെന്ന ഹര്‍ജിയില്‍ ഹൈക്കാടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കണമെന്നും കോടതി അറിയിച്ചു.

നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഓഗസ്റ്റിന് 17-ന് പുറത്തുവിടുമെന്നാണ് അറിയിച്ചിരുന്നത്. 233 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് വിവരങ്ങള്‍. നേരത്തെ പരസ്യമാക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങള്‍ ഒഴിവാക്കിത്തന്നെയാണ് റിപ്പോര്‍ട്ട് പുറത്തുവിടുക. 2017-ല്‍ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

 മൊഴി നല്‍കിയവരുടെ അറിവ് ഇല്ലാതെ റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് രഞ്ജിനി പ്രതികരിച്ചു. ഹേമ കമ്മിറ്റിയെ സ്വാഗതം ചെയ്യുകയാണ്. എന്നാല്‍ ഉത്തരവാദിത്തം ഇല്ലാതെ റിപ്പോര്‍ട്ട് പുറത്ത് വിടരുത്. വനിതാ കമ്മീഷന്‍ ഇക്കാര്യം ഉറപ്പാകുമെന്ന് കരുതി. എന്നാല്‍ അത്തരം നീക്കമുണ്ടായില്ല. അതില്‍ നിരാശയുണ്ട്. മൊഴി നല്‍കിയതിന് ശേഷം ഹേമ കമ്മിറ്റി ഇത് വരെ ഞങ്ങളെ ബന്ധപെട്ടിട്ടില്ല. പറഞ്ഞ കാര്യങ്ങള്‍ എങ്ങനെ പുറത്ത് വരുമെന്നതില്‍ ആശങ്കയുണ്ട്. റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ലംഘനമില്ലെന്ന് ഉറപ്പാക്കണം. മൊഴി നല്‍കിയവര്‍ക്ക് പകര്‍പ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തിയാകണം റിപ്പോര്‍ട്ട് പുറത്തു വിടേണ്ടതെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസിന് പിന്നാലെ സിനിമാ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനായിരുന്നു ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതി ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്.

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കോടതിയിടപെടലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാകും പ്രസിദ്ധീകരിക്കുക. നിര്‍മാതാവ് സജിമോന്‍ പാറയില്‍റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ കോടതി തളളിയിരുന്നു.

സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നാലര വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒടുവില്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവിടാന്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടതോടെയാണ് വിഷയം കോടതി കയറിയും ഒടുവില്‍ റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിലേക്കുമെത്തിയത്.

Read more topics: # നടി രഞ്ജിനി
actress ranjini files fresh petition

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES