മലയാളത്തിന്റെ പ്രിയ നടി കല്പന നമ്മെ വിട്ടു പോയിട്ട് മൂന്നു വര്‍ഷമായി. അപ്രതീക്ഷിതമായി കല്പനയുടെ മരണം കടന്നു പോയപ്പോള്‍ മലയാള സിനിമയില്‍ ഒഴിച്ച് വച്ച സ്ഥാനം ഇന്നും നികത്താതെ ബാക്കിയുണ്ട്. കല്പനയുടെ മകള്‍ ശ്രീമയി അമ്മയുടെ ഓര്‍മ്മകള്‍ ആണ് വനിതാ മാസികയോട് പങ്കു വച്ചിരിക്കുന്നത്. ''മിനുവിന് ഒത്തിരി പ്രിയപ്പെട്ടതായിരുന്നു ആ പാട്ട്. ഞാനൊരിക്കലും അമ്മ എന്നു വിളിച്ചിട്ടില്ല. മിനു എന്നായിരുന്നു അവസാനം വരെ വിളിച്ചിരുന്നത്. എന്നാണ് അമ്മയെക്കുറിച്ചുള്ള ശ്രീമയിയുടെ വാക്കുകള്‍.
ഒരു കൂട്ടുകാരിയെ പോലെയായിരുന്നു അമ്മ. കുട്ടിക്കാലത്ത് ഞാന്‍ വിചാരിച്ചിരുന്നത് മിനു എന്റെ ചേച്ചിയാണെന്നായിരുന്നു.'' മൂന്ന് ചേച്ചിമാരാണ് ഞങ്ങളുടെ കുടുംബത്തിലെന്നായിരുന്നു എന്റെ വിചാരം. കാര്‍ത്തു ചേച്ചി (കലാരഞ്ജിനി), മിനുച്ചേച്ചി (കല്‍പന), പൊടിച്ചേച്ചി (ഉര്‍വശി). പിന്നെയാണ് മനസ്സിലായത് മിനു അമ്മയാണെന്ന്. അമ്മൂമ്മയാണ് എന്നെ വളര്‍ത്തിയത്. വിജയലക്ഷ്മി എന്ന അമ്മൂമയെ ഞാന്‍ വിളിച്ചിരുന്നത് അമ്മിണി' എന്നാണ്.
അമ്മൂമ്മയെയാണ് ഞാന്‍ അമ്മയുടെ സ്ഥാനത്ത് മനസ്സില്‍ കരുതിയത്. കാരണം, മിനു മിക്കപ്പോഴും ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നു. ഞങ്ങളന്ന് ചെന്നൈയിലായിരുന്നു. ഇടയ്ക്ക് വീക്കെന്‍ഡ്‌സില്‍ ആലപ്പുഴയിലെ വീട്ടില്‍ പോകും. മൂന്നു വയസ്സുള്ളപ്പോളൊരിക്കല്‍ മിനു പറഞ്ഞു: ''മക്കളേ മിനുച്ചേച്ചീ എന്നു വിളിക്കല്ലേ. നിന്റെ അമ്മയാ ഞാന്‍.'' എന്നാലും ചേച്ചീ അങ്ങു മാറ്റി വീണ്ടും വിളിച്ചത് മിനു എന്നാണ്. ആ വിളി ഒരിക്കലും മാറ്റിയില്ല. മിനു ഉള്ളപ്പോള്‍ വീടു നിറയെ തമാശയായിരുന്നു. മിക്ക കോമഡി അഭിനേതാക്കളെക്കുറിച്ചും പറയുന്നത് വീട്ടില്‍ അവര്‍ നല്ല സീരിയസായിരിക്കുമെന്ന്. പക്ഷേ, മിനുവിന്റെ കാര്യം നേരേ മറിച്ചായിരുന്നു. സിനിമയില്‍ കാണിച്ച കോമഡിയെക്കാളേറെയായിരുന്നു വീട്ടിലും എന്ന് മകള്‍ ശ്രീമയി പറയുന്നു.