നടിമാര്‍ക്ക് നേരെ സോഷ്യല്‍മീഡിയയില്‍ നിരന്തരമായി തെറിവിളികളും അശ്ലീലകമന്റുകളും എത്താറുണ്ട്. പ്രശ്‌നങ്ങള്‍ക്ക് പോകേണ്ടെന്ന് കരുതി പലരും കമന്റ് ഡിലീറ്റ് ചെയ്യുകയോ കണ്ടില്ലെന്ന് നടിക്കാറോ ആണ് പതിവ്. അപൂര്‍വ്വനം ചിലര്‍ വന്ന മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് പ്രതികരിക്കുകയും ചെയ്യും. കഴിഞ്ഞ ആഴ്ച നടി അപര്‍ണ നായരുടെ ചിത്രത്തിന് താഴെ ഒരാള്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് ചുട്ട മറുപടിയുമായി നടി ഉടനെ രംഗത്ത് എത്തുകയും ചെയ്തു. മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനല്ല തന്റെ ഫെയ്‌സ്ബുക്ക് പേജെന്നും തെറ്റ് കണ്ടാല്‍ തനിക്ക് മിണ്ടാതിരിക്കാനാവില്ലെന്നും നടി തുറന്നടിച്ചിരുന്നു. എന്നാല്‍ വാക്കുകളില്‍ മാത്രം തിരിച്ചടിയെ ഒതുക്കാതെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയ നടി അശ്ലീല കമന്റ് ഇട്ട ആളെ നേരില്‍ കണ്ടിരിക്കയാണ് ഇപ്പോള്‍.
ഫേസ്ബുക്കിലൂടെയാണ് അപര്‍ണ അയാളെ നേരില്‍ കണ്ടതും വെളിപ്പെടുത്തിയത്.
അജിത്കുമാര്‍ വിഷയവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട എഡിജിപി മനോജ് എബ്രഹാം സാറിന് ഒരു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണം ഉണ്ടാവുകയും ഇന്നു രാവിലെ സൈബര്‍ സെല്‍ ഓഫിസിലേക്ക് രണ്ടുപേരെയും വിളിപ്പിക്കുകയും ചെയ്തു. സൈബര്‍ സെല്‍ ഓഫീസില്‍ കൃത്യസമയം എത്തിയ ഞാന്‍ ഒരുമണിക്കൂറോളം അജിത് കുമാറിനെ കാത്തുനിന്ന ശേഷം അദ്ദേഹം എത്തുകയും ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് സംസാരിക്കുകയും ചെയ്തു.
എനിക്ക് ആകെ ചോദിക്കാന്‍ ഉണ്ടായിരുന്ന ചോദ്യം എന്തിന് അങ്ങനെ കമന്റ് ചെയ്തു എന്ന് മാത്രമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയപരമായ കമന്റുകളും മറ്റും ചെയ്യാറുണ്ടെന്നും, സമാനമായ രീതിയില്‍ കമന്റ് ചെയ്തു പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി, എന്താല്ലേ... !!!
എന്തായാലും പ്രസ്തുത വ്യക്തിയുടെ കുടുംബത്തെയും അദ്ദേഹത്തിന്റെ സാമ്പത്തികാവസ്ഥയും കണക്കിലെടുത്ത് എന്റെ പരാതി ഞാന്‍ പിന്‍വലിച്ചിരിക്കുകയാണ്. അതോടൊപ്പം മറ്റൊരു സ്ത്രീയോടും ഈ രീതിയില്‍ പെരുമാറില്ല എന്ന ഉറപ്പും അധികാരികളുടെ മുന്നില്‍ വെച്ച് എഴുതി വാങ്ങി. പരാതി നല്‍കാന്‍ എനിക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ മാധ്യമസുഹൃത്തിനും എഡിജിപി മനോജ് എബ്രഹാം സാറിനും സൈബര്‍ പൊലീസ് എസ്‌ഐ മണികണ്ഠന്‍ സാറിനും ജിബിന്‍ ഗോപിനാഥിനും തിരുവനന്തപുരം വനിതാ സെല്ലിലെ ഉദ്യോഗസ്ഥര്‍ക്കും ഞാന്‍ ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു. നന്ദി കേരള പൊലീസ്. എന്നാണ് നടി കുറിച്ചത്. അതോടൊപ്പം ജിത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാകാം എന്നഭിപ്രായപ്പെട്ട സുഹൃത്തുക്കളുടെ അറിവിലേക്ക്, അത് അയാളുടെ മനഃപൂര്‍വ്വമായ പ്രവര്‍ത്തി ആയിരുന്നു എന്നും താരം പറയുന്നു.