മീശപ്പുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ..? എന്ന ഡയലോഗ് എവിടെ കേട്ടാലും മലയാളികളുടെ മനസിലേക്ക് ആദ്യം ഓടി വരുന്ന മുഖങ്ങൾ ദുൽഖർ സൽമാന്റെയും അപർണ ഗോപിനാഥിന്റെയുമാകും. ജനമനസിൽ തങ്ങി നിൽക്കാൻ ഒരുപാട് കഥാപാത്രങ്ങൾ ചെയ്യേണ്ടതില്ല കാമ്പുള്ള കുറച്ച് കഥാപാത്രങ്ങൾ ചെയ്താൽ മതിയെന്ന് തെളിയിച്ചൊരാൾ കൂടിയാണ് നടി അപർണ ഗോപിനാഥ്. 2013 മുതൽ മലയാള സിനിമയുടെ ഭാഗമാണ് ചെന്നൈയിലെ മലയാളി കുടുംബത്തിൽ ജനിച്ച് വളർന്ന അപർണയും. ദുൽഖർ സൽമാൻ നായകനായ എബിസിഡി എന്ന സിനിമയിലൂടെയായിരുന്നു അപർണയുടെ സിനിമയിലേക്കുള്ള എൻട്രി. ചിത്രത്തിലെ മധുമിത എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ചും അപർണയുടെ ബോയ്കട്ട് ഹെയർസ്റ്റൈൽ. നടി എന്നതിലുപരി നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് അപർണ.
കണ്ടംപററി ഡാന്‍സറുമായ അപർണ ഇതുവരെ പതിമൂന്നോളം മലയാള സിനിമകളിലാണ് അഭിനയിച്ചത്. എബിസിഡിക്കുശേഷം ബൈസിക്കിൾ തീവ്സ്, മുന്നറിയിപ്പ്, ചാർളി, സ്കൂൾ ബസ്, സഖാവ്, ഒരു നക്ഷത്രമുള്ള ആകാശം, സേഫ് എന്നിവയാണ് അപർണയുടെ പുറത്തിറങ്ങിയ സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടവ. അപർണ സിനിമകൾ തിരഞ്ഞെടുക്കുന്നത് തനിക്ക് എന്തെങ്കിലും ചെയ്യാനുള്ള റോളാണോയെന്ന് നോക്കിയാണ്. നായികാ കഥാപാത്രമാകണമെന്ന് നിർബന്ധമൊന്നും സിനിമ തെരഞ്ഞെടുക്കുമ്പോൾ അപര്‍ണയ്ക്കില്ല. ഭാവിയില്‍ സിനിമ നടി അല്ലെങ്കില്‍ തിയറ്റര്‍ ആര്‍ടിസ്റ്റ് എന്നതിലുപരി നല്ല നടിയെന്നും നല്ല വ്യക്തി എന്നും അറിയപ്പെടാനാണ് താല്‍പര്യമെന്ന് പല അഭിമുഖങ്ങളിലും അപർണ പറഞ്ഞിട്ടുണ്ട്.
എന്നാൽ 2019ൽ ഇതുവരെയും അപർണ സിനിമയിൽ നിന്നും അകന്നുനിൽക്കുകയാണ്. സേഫിനുശേഷം അപർണയുടെ ഒരു സിനിമ പോലും പുറത്തിറങ്ങിയിട്ടില്ല. സിനിമയിൽ അപർണ ഇല്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ്. എഴുപതിനായിരത്തിന് ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം പേജിലാണ് അപർണ കൂടുതൽ ആക്ടീവ്. സെൽഫികൾ, ചുറ്റുപാട് നിന്നും യാത്രകൾക്കിടയിലും പകർത്തിയ പോട്രേറ്റുകൾ എന്നിവയെല്ലാമാണ് അപർണ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിട്ടുള്ളത്. അവയിൽ ഭൂരിഭാഗവും ബ്ലാക്ക് ആന്റ് വൈറ്റിലുള്ളവയാണ്. എന്തുകൊണ്ടാണ് നടി താൻ പകർത്തിയ ചിത്രങ്ങളും തന്റെ തന്നെ സെൽഫികളും ബ്ലാക്ക് ആന്റ് വൈറ്റിൽ ടോണിൽ പങ്കുവെക്കുന്നതെന്ന് വ്യക്തമല്ല. ഇപ്പോഴിതാ അപർണ പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങളും അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനുമാണ് ആരാധകരെ കൺഫ്യൂഷനിലാക്കിയിരിക്കുന്നത്.
തിരിച്ചു വരില്ലെന്ന് കരുതിയ ഇടത്ത് നിന്ന് മനോധൈര്യം കൊണ്ടും വിധി അതായതുകൊണ്ടും പ്രാര്‍ത്ഥന കൊണ്ടും തിരിച്ചുവന്നു എന്ന് കുറിച്ചുകൊണ്ടാണ് അപർണയുടെ ആദ്യത്തെ പോസ്റ്റ്. തുടക്കം, പുതിയ തുടക്കം, ഓരോ പാളികളായി, പ്രാര്‍ത്ഥന എന്നൊക്കെയാണ് ആ പോസ്റ്റിന് താരം നൽകിയ ഹാഷ് ടാഗുകൾ. മറ്റൊന്ന് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി... ദൈവത്തിന് നന്ദി എന്ന് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചുള്ളതായിരുന്നു. പ്രാര്‍ത്ഥന, അത്ഭുതം, 2024, വിശ്വാസം എന്നിങ്ങനെയൊക്കെയാണ് ആ പോസ്റ്റിന് നല്‍കിയ ഹാഷ് ടാഗ്. വെറുതെ ഇരിക്കുന്നത് ഒരു കലയാണ് അതിന് പഠിക്കുകയെന്ന് പറഞ്ഞാണ് ഏറ്റവും ഒടുവിലത്തെ പോസ്റ്റ്. പ്രാര്‍ത്ഥനകള്‍, സ്‌നേഹം, നിലവിലുണ്ട്, തഴച്ചുവളരുക, തുടര്‍ന്നുകൊണ്ടേയിരിക്കുക എന്നിങ്ങനെയാണ് ആ പോസ്റ്റിനൊപ്പം ഹാഷ് ടാഗായി നല്‍കിയിരിക്കുന്നത്.
അപർണയുടെ പുത്തൻ പോസ്റ്റുകൾ കണ്ടതോടെ പലവിധ സംശയങ്ങളായി ആരാധകർക്ക്. അപര്‍ണ ഏതോ അപകടകരമായ സാഹചര്യത്തില്‍ നിന്നോ അവസ്ഥയില്‍ നിന്നോ മറ്റോ കരകയറി വന്നിരിക്കുകയാണ് അതിനാലാണ് ഇത്തരം പോസ്റ്റുകൾ പങ്കുവെക്കുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തലുകൾ. പക്ഷെ എന്തുകൊണ്ടാണ് ഇത്തരം വരികൾ കുറിച്ചതെന്ന് അപർണയും വ്യക്തമാക്കിയിട്ടില്ല. അപർണ ഗോപിനാഥിന് എന്തുപറ്റി എന്നുള്ള ആശങ്കയും ആരാധകർ കമന്റിൽ പങ്കുവെക്കുന്നുണ്ട്. അമ്മയും ചേച്ചിയും അടങ്ങുന്ന കൊച്ചു കുടുംബമാണ് അപർണയുടേത്. നാടകം ഉപേക്ഷിച്ച് സിനിമയിലേക്ക് വന്നുവെന്ന് പറയാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത അഭിനേത്രി കൂടിയാണ് അപർണ ഗോപിനാഥ്.