'ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...' എന്ന സിനിമ പാട്ട് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലോടിയെത്തുന്ന മുടി നീട്ടിവളര്‍ത്തിയ ഒരു പെണ്‍കുട്ടിയുടെ മുഖമുണ്ട്, പ്രിയ ലാല്‍. ജനകന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയുടെ വിവാഹ വാര്‍്ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ബ്രിട്ടനിലെ ലിവര്‍പൂളില്‍ താമസമാക്കിയ നടിയെ ബ്രിട്ടീഷ് വംശജനായ ഡേവിഡ് പ്രൊപ്പോസല്‍ നടത്തുന്ന വീഡിയോയിലൂടെയാണ് വിവാഹക്കാര്യം പുറത്ത് വരുന്നത്.മാസങ്ങള്‍ക്കു മുന്നേ ഒരു ഇവന്റില്‍ വച്ച് പരിചയപ്പെട്ടതാണ് പ്രിയയും ഡേവിഡും. ഈസ്റ്റര്‍ നാളുകളിലാണ് അതു പ്രണയാഭ്യര്‍ത്ഥനയായി പ്രിയയിലേക്ക് എത്തിയത്. തുടര്‍ന്നാണ് വിവാഹത്തിലേക്കും കാര്യങ്ങളെത്തിയത്. അടുത്ത വര്‍ഷത്തോടെ മാത്രമെ വിവാഹം ഉണ്ടാകുവെന്നാണ് വിവരം. താന്‍ ഏറെ സ്നേഹിക്കുന്ന പ്രിയയെ ഡേവിഡ് പ്രൊപ്പോസ് ചെയ്യുന്ന മനോഹരമായ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രിയ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.
'ഹൃദയങ്ങള്‍ എന്നെന്നേക്കുമായി കോര്‍ത്തിണക്കപ്പെട്ടു' എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. സുജിത് വാസുദേവ്, അരുണ്‍ ഗോപി, അനുപമ പിള്ള തുടങ്ങി നിരവധി പേരാണ് പ്രിയക്ക് ആശംസകള്‍ നേര്‍ന്നത്. മകളുടെ ജീവിതത്തിലെ പുതിയ ഘട്ടത്തെക്കുറിച്ച് വൈകാരികമായ ഒരു കുറിപ്പ് പ്രിയയുടെ അമ്മയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ പ്രമുഖരും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് പ്രിയയ്ക്കും ഡേവിഡിനും ആശംസകള്‍ നേരുന്നത്.
സുരേഷ് ഗോപിയും മോഹന്‍ലാലും ഒന്നിച്ച 'ജനകന്‍' എന്ന ചിത്രത്തിലൂടെയാണ് പത്തനംതിട്ട തിരുവല്ല സ്വദേശിയായ പ്രിയ സിനിമാ ലോകത്തേക്ക് എത്തിയത്. തുടര്‍ന്ന് കില്ലാഡി രാമന്‍, 'കുന്തപുര', 'ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി' ജീനിയസ് (തമിഴ്), ഗുവ്വ ഗോരിങ്ക(തെലുങ്ക്) തുടങ്ങിയ മലയാള, തമിഴ്, തെലുങ്ക് സിനിമകളിലും പ്രിയ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശികളായ ലാല്‍ജി ജോണിന്റെയും ബീനയുടെയും മകളാണ്. ദുബായിലെ റാസല്‍ഖൈമയിലാണ് പ്രിയ ലാല്‍ ജനിച്ചതും വളര്‍ന്നതും. എട്ട് വയസ്സായപ്പോഴേക്കും യുകെയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. നാല് വയസുമുതല്‍ നൃത്തം പഠിക്കുന്ന പ്രിയ ലാലിന്റെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു സിനിമാ നടി ആകണം എന്നത്. മൂന്ന് തവണ അടുപ്പിച്ച കലാതതിലകപ്പട്ടം അണിഞ്ഞിട്ടുണ്ട് പ്രിയ ലാല്‍.
ഒരു അവധിക്കാലത്ത് അമ്മയ്‌ക്കൊപ്പം നാട്ടിലെത്തിയപ്പോഴാണ് ജനകനിലേക്ക് ക്ഷണം വന്നത്. ഡാന്‍സറിയാം എന്നല്ലാതെ അഭിനയത്തെ കുറിച്ച് ഒന്നും അറിയാതെയായിരുന്നു തുടക്കം. ജനകന് ശേഷം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. നാട് പരിചയമില്ലാത്തത് ഒരു കാരണമാണ്. പിന്നെ കലാമണ്ഡലം ക്ഷേമാവതിടീച്ചറിന്റെ അടുത്തുനിന്ന് മോഹിനിയാട്ടവും പഠിച്ചിരുന്നു. ഇന്ത്യാ- വെസ്റ്റ് ഇന്‍ഡീസ് കളിയിലെ പബ്ലിക് അനൗണ്‍സറായിരുന്നു പ്രിയ. സിസിഎല്‍ നടന്നപ്പോള്‍ ഒരു തവണ കമന്ററി ചെയ്തതും പ്രിയ തന്നെയാണ്.