തെന്നിന്ത്യന്‍ സിനിമാലോകത്തുനിന്ന് സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് കെ.ജി.എഫ്. മലയാളം ഉള്‍പ്പെടെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, ചൈനീസ്, ജപ്പാനീസ് തുടങ്ങിയ വിദേശഭാഷകളിലും തിയേറ്ററുകളിലെത്തിയ ചിത്രം കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. കന്നഡയിലെ ഏറ്റവും ഉയര്‍ന്ന നിര്‍മാണച്ചെലവുള്ള ചിത്രമെന്ന ഖ്യാതി സ്വന്തമാക്കിയാണ് കെ.ജി.എഫ്. എത്തിയത്. കന്നഡയിലെ ഹിറ്റ് മേക്കര്‍ പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കെ.ജി.എഫിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുകയാണ് യഷ്. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് അദ്ദേഹം സിനിമയില്‍ എത്തിയത്. മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി സിനിമ തിരഞ്ഞെടുത്തപ്പോള്‍ തനിക്ക് ഒരുപാട് ആശങ്കകള്‍ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് യഷ്. എന്നാല്‍ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് യഷ് മനസ്സു തുറന്നത്.
വീട്ടില്‍ നിന്ന് ഞാന്‍ ബെംഗ്ളൂരുവിലേക്ക് ഓടിപ്പോരുകയായിരുന്നു. 300 രൂപ മാത്രമാണ് പോക്കറ്റില്‍ ഉണ്ടായിരുന്നത്. എനിക്ക് കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലായിരുന്നു. വീട്ടിലേക്ക് മടങ്ങില്ല എന്ന് ഉറപ്പിച്ചു. കാരണം വീട്ടിലെത്തിയാല്‍ പിന്നീട് ഒരു തിരിച്ചു പോക്കിന് സാധ്യത ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ പറയുന്ന ജോലി ചെയ്ത് ജീവിക്കേണ്ടി വരും. അത് ഭയന്നാണ് ഞാന്‍ ബെംഗ്ളൂരുവില്‍ തന്നെ തുടര്‍ന്നത്. ഞാന്‍ സര്‍ക്കാര്‍ ജോലി ചെയ്യണമെന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. അച്ഛന്‍ ബി.എം.ടി.സി ബസ് ഡ്രൈവറായിരുന്നു. അമ്മ വീട്ടമ്മയും. ഒരു സഹോദരനുണ്ട് നവീന്‍. ഞങ്ങള്‍ക്ക് ഒരു കൊച്ചു കടയുണ്ടായിരുന്നു. അവിടെ പച്ചക്കറിയെല്ലാം വിറ്റിരുന്നു. ഞാന്‍ കടയില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കാന്‍ നില്‍ക്കാറുണ്ടായിരുന്നു. ഞങ്ങള്‍ കഒരുപാട് സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതല്‍ സിനിമയായിരുന്നു എന്റെ ലക്ഷ്യം. അതിന് വേണ്ടി സ്‌കൂളിലും കോളേജിലുമെല്ലാം നാടകത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. സ്റ്റേജ് പരിപാടിക്കൊടുവില്‍ കേള്‍ക്കുന്ന കൈയ്യടികളോട് എനിക്ക് ഒരു തരം ആസക്തിയായിരുന്നു. ഞാന്‍ ഒരു നായകനാണെന്ന് സ്വയം സങ്കല്‍പ്പിച്ചു. എന്റെ സ്വപ്നലോകത്ത് മാത്രമായിരുന്നു ജീവിതം.
ജീവിത സഖിയായി നടി രാധിക പണ്ഡിറ്റിനെ തിരഞ്ഞെടുത്ത കഥയും യഷ് പങ്കുവയ്ച്ചു. എന്റെ അരങ്ങേറ്റ ചിത്രമായ മൂങ്കിനാ മനസ്സിനിടയിലാണ് രാധികയുമായി അടുപ്പത്തിലാകുന്നത്. ആ ചിത്രത്തില്‍ നാല് നായികമാരും നാല് നായകന്‍മാരും ഉണ്ടായിരുന്നു. ടെലിവിഷനില്‍ ജോലി ചെയ്യുന്ന കാലം മുതല്‍ രാധികയെ എനിക്ക് അറിയാമായിരുന്നു. ഞങ്ങള്‍ ഒരുമിച്ചാണ് സിനിമയില്‍ കരിയര്‍ തുടങ്ങിയതും. അന്ന് മുതല്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. രാധിക എന്റേതാണെന്നുള്ള ഒരു തോന്നല്‍ പണ്ടേ ഉണ്ടായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. മാധ്യമങ്ങളൊക്കെ അത് വലിയ ആഘോഷമാക്കിയിരുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാറ്റി നിര്‍ത്തി അവളെ വളര്‍ത്താന്‍ ഞങ്ങള്‍ കഷ്ടപ്പെടുകയാണിപ്പോള്‍- യഷ് കൂട്ടിച്ചേര്‍ത്തു.