ഷറഫുദ്ദീന്‍ നായകനാകുന്ന പുതിയ ചിത്രം 'പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ വൈറാലാകുന്നു. 'രാവണപ്രഭു' സിനിമയുടെ റീറിലീസ് തീയതി മാറ്റാമോ എന്ന് 'മോഹന്‍ലാലി'നെ ഫോണില്‍ വിളിച്ചു ചോദിക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ശബ്ദം മറ്റാരോ ആണ് അനുകരിക്കുന്നത്.
ലാലേട്ടാ, രാവണപ്രഭുവിന്റെ റിലീസ് തീയതി ഒന്ന് മാറ്റാമോ?' എന്ന് ഷറഫുദ്ദീന്‍ ചോദിക്കുമ്പോള്‍, ചിരിയോടെയാണ് മറുതലയ്ക്കല്‍ പ്രതികരിക്കുന്നത്. 'കയ്യിലുള്ള പൈസ മുഴുവന്‍ ഇട്ടിട്ടാണ് ഞാന്‍ ഈ സിനിമ ചെയ്തത്. ഒരേ സമയം രണ്ട് മോഹന്‍ലാല്‍ സിനിമകള്‍ എനിക്ക് താങ്ങാന്‍ കഴിയില്ല. അതുകൊണ്ട് ഒരപേക്ഷയാണ്,' ഷറഫുദ്ദീന്‍ വിനയത്തോടെ പറയുന്നു. എന്നാല്‍, മോഹന്‍ലാലിന്റെ മറുപടി 'രാവണപ്രഭു' സിനിമയിലെ പ്രശസ്തമായ ഡയലോഗായിരുന്നു: 'ഇത് ഞാന്‍ ജയിക്കാന്‍ വേണ്ടി കളിക്കുന്ന കളിയാണ് മോനെ.' ഇത് പറഞ്ഞ് മോഹന്‍ലാല്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.
മോഹന്‍ലാല്‍ റിലീസ് മാറ്റാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന്, തന്റെ സിനിമയുടെ റിലീസ് ഒക്ടോബര്‍ 16-ലേക്ക് മാറ്റിയതായി ഷറഫുദ്ദീന്‍ വീഡിയോയില്‍ അറിയിക്കുന്നു. 'ലാലേട്ടന്റെ അനുവാദത്തിനായി കാത്തിരിക്കുകയായിരുന്നു' എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ ഷറഫുദ്ദീന്‍ തന്നെ നിര്‍മ്മിക്കുന്ന 'പെറ്റ് ഡിറ്റക്ടീവ്' വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.