അടുത്തിടെയാണ് തമിഴ് സിനിമയെ ഞെട്ടിച്ച കൊക്കെയ്ന്‍ കേസ് വാര്‍ത്തകളില്‍ നിറഞ്ഞത്. സംഭവത്തില്‍ തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും ഇഡി സമന്‍സയക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനമായ 'ഇന്ത്യ ടുഡേ' ചാനലിനെതിരെ കടുത്ത ആരോപണവുമായി കേരളത്തിലെ ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍ രംഗത്ത് വന്നിരിക്കുകയാണ്.
ഒക്ടോബര്‍ 24 ന് 'ഇന്ത്യ ടുഡേ' ചാനല്‍ സംപ്രേഷണം ചെയ്ത തമിഴ് സിനിമ ഇന്‍ഡസ്ട്രിയിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ തന്റെ ചിത്രം ഉപയോഗിച്ചു എന്നാണ് കൃഷ്ണകുമാറിന്റെ ആരോപണം. വിഷയം അതീവ ഗൗരവമുള്ളത് ആയത്‌കൊണ്ട് തന്നെ ചാനലുമായി ബന്ധപ്പെട്ട് നിയമ നടപടി ആരംഭിക്കുകയും ചെയ്തു. ഇതിനിടെ തങ്ങള്‍ക്ക് പറ്റിയ പിഴവ് സമ്മതിച്ച് കൊണ്ട് തന്റെ അഭിഭാഷകന് ഇ-മെയില്‍ സന്ദേശം ലഭിച്ചുവെന്നും താരം വ്യക്തമാക്കി.
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ വാക്കുകള്‍...
നമസ്‌ക്കാരം, തമിഴ് സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള കൃഷ്ണ കുമാര്‍ എന്ന നടന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ ഒക്ടോബര്‍ 24 ന് 'ഇന്ത്യ ടുഡേ' ചാനല്‍ സംപ്രേഷണം ചെയ്ത ഒരു ന്യൂസ് റിപ്പോര്‍ട്ടില്‍ എന്റെ ചിത്രങ്ങളാണ് ആ ചാനലില്‍ നല്‍കിയത്. 'ഇന്ത്യ ടുഡേ' ചാനലിന്റെ ഈ പ്രവര്‍ത്തി പൊതുജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയതിനും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രതിച്ഛായക്ക് ഗുരുതരമായ മങ്ങല്‍ ഏല്‍പ്പിച്ചതിനും ഈ വിഷയം അതീവ ഗൗരവമുള്ളതിനാലും ഞാന്‍ ഇന്ത്യ ടുഡേയ്ക്കും ആ ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും നിയമ നടപടി ആരംഭിച്ച് മാനനഷ്ടത്തിന് നോട്ടീസ് അയച്ചു.
അതിനുശേഷം തങ്ങള്‍ക്ക് പറ്റിയ പിഴവ് സമ്മതിച്ച് കൊണ്ട് 'ഇന്ത്യ ടുഡേ' ചാനലിന്റെ മാനേജറിന്റെ പേരില്‍ ഒരു ഇ-മെയില്‍ എന്റെ ലോയറിന് ലഭിച്ചു. ഈ സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുകകള്‍ മനസിലാക്കി ഇനി ഇത്തരം വിഷയങ്ങളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ആവശ്യമായ സൂക്ഷ്മത പാലിക്കണമെന്ന് എല്ലാ മാധ്യമസ്ഥാപനങ്ങളോടും ഈ അവസരത്തില്‍ വീനീതമായി അഭ്യര്‍ത്ഥിക്കുകയാണ്. എന്ന് താരം വ്യക്തമാക്കി.
അതേസമയം, കൊക്കെയ്ന്‍ കേസില്‍ പ്രശസ്ത തമിഴ് നടന്മാരായ കെ. ശ്രീകാന്ത്, കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമന്‍സ് അയച്ചിരുന്നു. വടക്കന്‍ ചെന്നൈയില്‍ അടുത്തിടെ നടന്ന കൊക്കെയ്ന്‍ കേസില്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത് എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
ചെന്നൈ സിറ്റി പൊലീസ് 1985ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ നടന്മാര്‍ക്ക് ജൂലൈ 8ന് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള കൊക്കെയ്ന്‍ മാത്രമാണ് ഇരുവരും കൈവശം സൂക്ഷിച്ചിരുന്നതെന്നും, മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു.
എന്നാല്‍, ഇപ്പോള്‍ ഇ.ഡി.യുടെ പുതിയ അന്വേഷണം കേസിന് പുതിയ വഴിത്തിരിവ് നല്‍കിയിരിക്കുകയാണ്. മയക്കുമരുന്ന് വിതരണ ശൃംഖലയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി ഇ.ഡി. സംശയിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് നടന്മാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. സംഭവങ്ങളുടെ തുടക്കം ജൂണ്‍ 18നാണ്. ആന്റി നാര്‍ക്കോട്ടിക്‌സ് വിരുദ്ധ യൂണിറ്റിന്റെ (എ.എന്‍.വി.യു.) അന്വേഷണത്തില്‍, ഘാന പൗരനായ ജോണിനെ മയക്കുമരുന്ന് വിതരണം ചെയ്ത കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് കൃഷ്ണകുമാറിന് മയക്കുമരുന്ന് ലഭിച്ചതായി കണ്ടെത്തിയിരുന്നു.