ജയറാം നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ. ചിത്രത്തിനു തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഗ്രാമീണ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം കുടുംബ പശ്ചാതലത്തിലാണ് ഒരുങ്ങുന്നത്. ഒരു പിടി കുടുംബ ചിത്രങ്ങള്‍ ചെയ്തു മലയാളികള്‍ക്ക് മുന്നിലെത്തിയ നടനാണ് ജയറാം.പഴയ ജയറാമിനെ തങ്ങള്‍ക്ക് തിരിച്ച് കിട്ടിയെന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ പറയുന്നത്. കുടുംബചിത്രങ്ങളാണ് എന്നും തന്റെ ശക്തിയെന്നും എന്നാല്‍ ചില സിനിമകള്‍ തിരഞ്ഞെടുത്തപ്പോള്‍ പാളിച്ച പറ്റിയെന്നവും ജയറാം പറയുന്നു. മനോരമയുമായുള്ള അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ 30 വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ കുടുംബ സിനിമകള്‍ ചെയ്തിട്ടുള്ളത് ഞാനായിരിക്കും എന്നാണ് തോന്നുന്നത്. ഞാനേറ്റവും വലിയ ഭാഗ്യമായി കരുതുന്നതും അതാണ്. അതെന്തു കൊണ്ടാണെന്നു ചോദിച്ചാല്‍ മന:പൂര്‍വമല്ല എന്നു മാത്രമെ പറയാന്‍ കഴിയൂ. എന്നെ തേടി അത്തരം സിനിമകള്‍ അധികം വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ടബിളാണ്. നമുക്ക് പറ്റുന്ന കഥാപാത്രം ഇഷ്ടപ്പെട്ട് ചെയ്യുമ്പോഴാണ് സിനിമ നന്നാവുന്നത് എന്നും ജയറാം പറയുന്നു.
പില്‍ക്കാലത്ത് ചില പാളിച്ചകളുണ്ടായി. സിനിമകള്‍ മാറിപ്പോയതു കൊണ്ടല്ല, മറിച്ച് ഞാന്‍ തിരഞ്ഞെടുത്തതില്‍ തെറ്റൊക്കെ വന്നിട്ടുണ്ട്. എനിക്കു തന്നെ ആവശ്യമില്ലായിരുന്നുവെന്ന് തോന്നിയിട്ടുള്ള കുറേ സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ പിന്നെയും എന്നെ തേടി നല്ല സിനിമകള്‍ വന്നു കൊണ്ടേയിരുന്നു. അതിനുദാഹരണമാണ് പഞ്ചവര്‍ണത്തത്തയും ലോനപ്പന്റെ മാമോദീസയും ഒക്കെ' ജയറാം കൂട്ടിചേര്‍ത്തു.
ലോനപ്പന്റെ മാമ്മോദീസയില്‍ പവിത്രന്‍, നിഷ സാരംഗ്, ശാന്തി കൃഷ്ണ, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, ഇന്നസന്റ്, അലന്‍സിയര്‍, ജോജു ജോര്‍ജ്, നിയാസ് ബക്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്സിന്റെ ബാനറില്‍ ഷിംനോയ് മാത്യു ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് ഈണം പകര്‍ന്നിരിക്കുന്നു.