നിവിന്‍ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 230 കോടി കളക്ഷനും കടന്ന് വന്‍ കുതിപ്പ് തുടരുമ്പോള്‍, താരത്തെക്കുറിച്ചുള്ള നിര്‍മാതാവ് ജോളി ജോസഫിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു. സംവിധായകന്‍ ആഷിഖ് അബുവുമായി നടത്തിയ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് നിവിന്‍ പോളിയുടെ വമ്പന്‍ തിരിച്ചുവരവിനെക്കുറിച്ചും കഥാപാത്രങ്ങളുടെ സവിശേഷതകളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നത്.
കൊച്ചി വിമാനത്താവളത്തില്‍ വെച്ചുള്ള അപ്രതീക്ഷിത കണ്ടുമുട്ടലില്‍ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലേഹം കുടുംബ യൂണിറ്റ്' എന്ന ചിത്രവും നിവിന്‍ പോളിയുടെയും മമിത ബൈജുവിന്റെയും പ്രകടനങ്ങളുമാണ് ചര്‍ച്ചയായതെന്ന് ജോളി ജോസഫ് പറയുന്നു. 'പഴയ ലാലേട്ടന്‍ കഥാപാത്രങ്ങള്‍ക്കുണ്ടായിരുന്ന, പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഒരുതരം 'വശീകരണം' നിവിന്‍ പോളി ഇപ്പോള്‍ സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് ആഷിഖ് അബു അഭിപ്രായപ്പെട്ടത്.
തിയേറ്ററുകളില്‍ നിറഞ്ഞാടുന്ന ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടാനാണ് സാധ്യത,' എന്നും ജോളി ജോസഫ് കുറിച്ച്. ഒരുപാട് തിരിച്ചടികള്‍ക്കും ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ക്കും ശേഷമാണ് നിവിന്‍ പോളിയെ ഈ വലിയ നായകപദവി തേടിയെത്തിയിരിക്കുന്നത്. മസിലുള്ള ശരീരപ്രകൃതിയുള്ളവരേക്കാള്‍ അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള, കുസൃതിക്കാരനായ നായകന്മാരെയാണ് മലയാളികള്‍ക്ക് എന്നും പ്രിയമെന്ന് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.
ശരീരപുഷ്ടിയുള്ള നാട്ടിന്‍പുറത്തുകാരനായ ഒരു സാധാരണക്കാരന്റെ സങ്കടങ്ങളും നാണവും ചെറിയ ഹീറോയിസങ്ങളുമാണ് മലയാളി എന്നും സ്വപ്നം കാണുന്ന നായകസങ്കല്‍പ്പം. മസിലളിയന്മാരുടെ പ്രകടനങ്ങള്‍ക്കോ കോട്ടും സൂട്ടുമണിഞ്ഞ മാസ് നായകന്മാര്‍ക്കോ മലയാള സിനിമയില്‍ അധികകാലം നിലനില്‍പ്പില്ലെന്നത് ചരിത്രസത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമി ദിനപത്രത്തിന് വേണ്ടി ആഷിഖ് അബുവും ക്യാമറാമാന്‍ ഷൈജു ഖാലിദും ചേര്‍ന്ന് ചിത്രീകരിച്ച പരസ്യ ചിത്രത്തില്‍ താന്‍ അഭിനയിച്ച ഓര്‍മ്മകളും രസകരമായി അദ്ദേഹം പങ്കുവെച്ചു. ഈ പുതിയ സിനിമാ ട്രെന്‍ഡില്‍ തനിക്കും ഒരു അവസരം ലഭിച്ചേക്കാമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.