റിലീസ് ദിവസം തന്നെ ഓണ്‍ലൈനില്‍ 'ആടുജീവിതം' സിനിമയുടെ വ്യാജ പതിപ്പ് എത്തിയിരുന്നു. എങ്കിലും തിയേറ്ററില്‍ ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. മൂന്ന് ദിനങ്ങള്‍ കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തി മുന്നേറ്റം തുടരുന്ന ചിത്രം മലയാളത്തില്‍ ഏറ്റവും വേഗം 50 കോടി നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും നേടിയിരിക്കുകയാണ്.
ഇതിനിടെ ആടുജീവിതം മൊബൈലില്‍ പകര്‍ത്തിയ യുവാവിനെതിരെ കേസ് എടുത്തിരിക്കുകയാണ് പൊലീസ്. ആറന്മുള മാലക്കര സ്വദേശി ജോസഫ് കെ. ജോണിന് (37) എതിരെയാണ് കേസ്. സിനിമ പ്രദര്‍ശിപ്പിച്ച ചെങ്ങന്നൂര്‍ സീ സിനിമാസ് തിയേറ്ററിന്റെ ഉടമ ബാബുവാണ് പരാതി നല്‍കിയത്.
വ്യാഴാഴ്ച രാത്രി 11.25ന്റെ സെക്കന്‍ഡ് ഷോയ്ക്കിടെയാണ് സംഭവം. തിയേറ്ററിലുണ്ടായിരുന്ന സിനിമ-സീരിയല്‍ നടി ആലീസ് ക്രിസ്റ്റിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവരം ഉടമയെ അറിയിക്കുകയായിരുന്നു. ആലീസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
താനും ഭര്‍ത്താവും ചെങ്ങന്നൂരുള്ള തിയേറ്ററില്‍ ആടുജീവിതം കാണാന്‍ പോയപ്പോള്‍ പുറകിലിരുന്ന ആള്‍ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും, ഉടന്‍ തന്നെ തിയേറ്ററുടമകളോട് പരാതിപ്പെട്ടിട്ടും പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്തതുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടതായും ആലീസ് ക്രിസ്റ്റി പറഞ്ഞിരുന്നു.