മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയായിരുന്നു ഇക്കുറി സംസ്ഥാന ചലചിത്ര പുരസ്‌കാരത്തിലെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം നടി സ്വാസിക വിജയക്ക് ലഭിച്ചത്. കാരണം സീത എന്ന സീരിയലിലൂടെ മലയാളി മനസുകളില്‍ ആഴത്തില്‍ പതിഞ്ഞ നടിയാണ് സ്വാസിക. തമിഴ് സിനിമകളിലൂടെയാണ് സ്വാസിക തന്റെ അഭിനയ ജീവിതം തുടങ്ങിയതെങ്കിലും മിനിസ്ര്കീന്‍ സീരിയലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലാണ് ഇപ്പോള്‍ സ്വാസിക തിളങ്ങുന്നത്.
വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു സ്വാസികയ്ക്ക് നിനച്ചിരിക്കാതെ പുരസ്‌കാരം ലഭിച്ചത്. പത്ത് വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ തന്നെ തേടി വന്ന വിലമതിക്കാനാവാത്ത പുരസ്‌കാരമെന്നാണ് സ്വാസിക അവാര്‍ഡ് നേട്ടത്തെ വിശേഷിപ്പിക്കുന്നത്.
ഒരുപാട് സന്തോഷമുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അംഗീകാരമാണ്. ഏതാണ്ട് പത്ത് വര്‍ഷത്തോളമായി സിനിമയിലും സീരിയലിലും ഉണ്ട്. ഇതൊട്ടും പ്രതീക്ഷിച്ചതല്ല. ആഗ്രഹമുണ്ടായിരുന്നു. അത് കുറേ നാള്‍ മുമ്പ് തുടങ്ങിയ ആഗ്രഹമാണ്. അത് സാധിച്ചു. ഒരുപാട് ഒരുപാട് സന്തോഷം അതല്ലാതെ വേറെന്താണ് പറയേണ്ടതെന്ന് അറിയില്ല എനിക്ക്. ഞങ്ങളുടെ ഈ ചെറിയ സിനിമയ്ക്ക് മൂന്ന് അംഗീകാരങ്ങള്‍ കിട്ടി എന്നതിലാണ് ഏറെ സന്തോഷമെന്ന് മാതൃഭൂമിക്ക് നല്‍കിയ പ്രതികരണത്തില്‍ സ്വാസിക പറയുന്നു.
വാസന്തി എന്ന ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് സ്വാസിക എത്തിയത്. കഥാപാത്രത്തിന്റെ പേരും വാസന്തി എന്നായിരുന്നു. വാസന്തിയുടെ 20 വയസ് മുതല്‍ 35 വയസ് വരെയുള്ള യാത്രയാണ് ഈ സിനിമ. പുതുമയുള്ള ആശയമൊന്നുമല്ല എങ്കിലും പെര്‍ഫോം ചെയ്യാന്‍ ധാരാളമുള്ള സിനിമയായിരുന്നു ഇത്. ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് വാസന്തി. സ്വാസികയ്ക്ക് പുറമേ സിജു വിത്സണ്‍, ശബരീഷ് വര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള കഥയാണ് പറയുന്നത്. ഇപ്പോള്‍ കിട്ടിയ ഈ അംഗീകാരം വൈകിപ്പോയി എന്നൊന്നും തോന്നുന്നില്ല. ഇതൊരു വലിയ പ്രചോദനമാണെന്ന് സ്വാസിക പറയുന്നു.തന്നെ വിശ്വസിപ്പിച്ച് ഈ കഥാപാത്രത്തെ ഏല്‍പ്പിച്ചവര്‍ക്കും താരം നന്ദി പറയുന്നു.