ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് വച്ച് കാര്‍ അപകടത്തില്‍പ്പെട്ട ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. അതേസമയം രണ്ടുവയസുകാരിയായ ഏകമകള്‍ മരിച്ച വിവരം ഇനിയും ഇരുവരെയും അറിയിച്ചിട്ടില്ല. 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മകളുടെ വിയോഗ വാര്‍ത്ത എങ്ങനെ ഇവരെ അറിയിക്കുമെന്നുള്ള വിഷമത്തിലാണ് ബന്ധുക്കള്‍.
15 വര്‍ഷത്തോളമുള്ള കാത്തിരിപ്പിനും നേര്‍ച്ചകാഴ്ച്ചകള്‍ക്കുമൊടുവിലാണ് ബാലഭാസ്‌ക്കറിനും ഭാര്യയ്ക്കും കുഞ്ഞു പിറന്നത്. തേജസ്വി ബാലയെന്ന പേരിട്ട കുഞ്ഞുമായി വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിന് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങവേയാണ് തിരുവനന്തപുരത്ത് വച്ച് ഇവരുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതിനാല്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറുടെയും അവസ്ഥ ഗുരുതരമാണ്.
കഴക്കൂട്ടം താമരക്കുളത്ത് ഇന്ന് രാവിലെ നാലരയ്ക്കാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിയെത്തിയിരുന്നു. കാര്‍ പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴെക്കും കുഞ്ഞ് മരിച്ചിരുന്നു.
സിനിമകളിലും ആല്‍ബങ്ങളിലുമെല്ലാം സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള ബാലഭാസ്‌കര്‍ പഠനകാലത്ത് തന്നെ വയലിനില്‍ മികവ് കാട്ടിയ പ്രതിഭയാണ്. എആര്‍ റഹ്മാനെ പോലുള്ള സംഗീതജ്ഞരും ബാലഭാസ്‌കറിന്റെ മികവുകളെ അംഗീകരിച്ചിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റിന്റെ നിനക്കായ്, ആദ്യമായ് തുടങ്ങിയ ആല്‍ബങ്ങളില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചതിലൂടെയാണ് ബാലഭാസ്‌കര്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. അതേസമയം ബാലഭാസ്‌കറും ഭാര്യയും വെന്റിലേറ്ററിലാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇവരുടെ ജീവന് വേണ്ടി പ്രാര്‍ഥന തുടരുകയാണ്.