വിനായകനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരവെ നടൻ നായകനാകുന്ന തൊട്ടപ്പന്റെ ട്രെയിലർ റിലീസ് ചെയ്തു. വിനായകന്റെ ഗംഭീര അഭിനയം തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. പ്രശസ്ത എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് തൊട്ടപ്പൻ എടുത്തിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ ട്രെയിലർ ട്രെന്റിങിൽ മൂന്നാമതായി ഇടംപിടിച്ച് കഴിഞ്ഞു.
നാളെ ചിത്രം തീയറ്ററുകളിലെത്തും. കിസ്മത്ത് എന്ന ചിത്രത്തിനു ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പൻ. പി.എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിയംവദയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. റോഷൻ മാത്യൂ, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ, പോളി വിൽസൺ, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുണ്ട്.
പട്ടം സിനിമ കമ്പനിയുടെ ബാനറിൽ ദേവദാസ് കാടഞ്ചേരിയും ശൈലജ മണികണ്ഠനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എറണാകുളം വാരപ്പുഴ കടമക്കുടി, വളന്തക്കാട്, ആലപ്പുഴയിലെ പൂച്ചാക്കൽ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. കമ്മട്ടിപ്പാടത്തിലെ ഗംഗയ്ക്കു ശേഷം വിനായകന്റെ മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും തൊട്ടപ്പനിലേത്.