വിജയ്യുടെ സര്‍ക്കാരിനെതിരെ കേരളത്തിലും വിവാദം. തൃശ്ശൂര്‍ ആരോഗ്യവകുപ്പ് വിജയ്ക്കും നിര്‍മ്മാതാവിനും സംവിധായകനുമെതിരെ സ്വമേധയാ കേസെടുത്തിരിക്കയാണ്. കേരളത്തില്‍ വ്യാപകമായി പതിച്ച സര്‍ക്കാരിന്റെ പോസ്റ്ററില്‍ പുകവലി ചിത്രം പ്രദര്‍ശിപ്പിച്ചതാണ് കേസെടുക്കാന്‍ കാരണം. നിയപ്രകാരമുളള മുന്നറിയിപ്പ് പോലും പോസ്റ്ററുകളില്‍ കാണിച്ചില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
വിവാദ രംഗങ്ങളെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അപ്രിയത്തിന് 'സര്‍ക്കാര്‍' പാത്രമായിട്ടുണ്ട്. പല തിയറ്ററുകളിലും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ കേരളത്തിലും സര്‍ക്കാരിനെതിരെ വിവാദങ്ങള്‍ ഉയരുകയാണ്. വിജയ് ചിത്രം 'സര്‍ക്കാരി'ന്റെ പ്രചാരണ പോസ്റ്ററുകളില്‍ നായകന്‍ സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ആരോഗ്യവകുപ്പ് സ്വമേധയാ കേസെടുത്തിരിക്കയാണ്. കേരളത്തില്‍ വ്യാപകമായി പതിച്ച പോസ്റ്ററില്‍ പുകവലിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനാല്‍ ആരോഗ്യ വകുപ്പാണ് നടനും നിര്‍മ്മാതാവിനും സംവിധായകനുമെതിരെ കേസ് സ്വമേധയാ കേസ് എടുത്തിരിക്കുന്നത്. തൃശ്ശൂരിലെ തിയറ്ററുകളിലും പുറത്തും പ്രദര്‍ശിപ്പിച്ചിരുന്ന പോസ്റ്ററുകള്‍ ആരോഗ്യവകുപ്പ് പിടിച്ചെടുക്കുകയും ചെയ്തു.
നിയമപ്രകാരമുളള മുന്നറിയിപ്പ് പോലും പോസ്റ്ററുകളില്‍ കാണിച്ചില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. തൃശൂര്‍ ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ തിയറ്ററുകളിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണം നടത്തി. ഇതിന് ശേഷമാണ് പോസ്റ്ററുകള്‍ നിയമപ്രകാരമല്ല പതിച്ചതെന്ന് തിരിച്ചറിഞ്ഞത്.പുകയില നിരോധന നിയമപ്രകാരം എടുത്ത കേസില്‍ നടന്‍ വിജയ് ആണ് ഒന്നാം പ്രതി. വിതരണക്കമ്പനിയായ കോട്ടയം സായൂജ്യം സിനിമ റീലീസ് രണ്ടാം പ്രതിയും നിര്‍മ്മാതാക്കളായ സണ്‍ പിക്ച്ചേഴ്സ് മൂന്നാം പ്രതിയും ആണ്. ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. രണ്ട് വര്‍ഷം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് വിജയിക്കും മറ്റുളളവര്‍ക്കും എതിരെ എടുത്തിരിക്കുന്നത്