രാജ്യാന്തര ചലച്ചിത്രോത്സവം; രാവുകള്‍ സംഗീതസാന്ദ്രമാക്കാന്‍ വെള്ളിയാഴ്ച മുതല്‍ സംഗീത സന്ധ്യകള്‍;അതുല്യ പ്രതിഭകള്‍ക്ക് ആദരമൊരുക്കാന്‍ മൂന്ന് എക്‌സിബിഷനുകള്‍; കേരള ഫിലിം മാര്‍ക്കറ്റുമായി കെ.എസ്.എഫ്.ഡി.സി 

Malayalilife
 രാജ്യാന്തര ചലച്ചിത്രോത്സവം; രാവുകള്‍ സംഗീതസാന്ദ്രമാക്കാന്‍ വെള്ളിയാഴ്ച മുതല്‍ സംഗീത സന്ധ്യകള്‍;അതുല്യ പ്രതിഭകള്‍ക്ക് ആദരമൊരുക്കാന്‍ മൂന്ന് എക്‌സിബിഷനുകള്‍; കേരള ഫിലിം മാര്‍ക്കറ്റുമായി കെ.എസ്.എഫ്.ഡി.സി 

ലച്ചിത്രമേളയ്ക്ക് കൊഴുപ്പേകാന്‍ നാടന്‍ പാട്ടുകള്‍ മുതല്‍ പോപ്പ് സംഗീത സന്ധ്യ വരെ അരങ്ങേറും . അഭയ ഹിരണ്‍മയി ഉള്‍പ്പെടെയുള്ള ഗായകരും പ്രമുഖ മ്യൂസിക് ബാന്‍ഡുകളുമാണ് ചലച്ചിത്ര രാവുകള്‍ക്ക് ഉത്സവഛായയേകാന്‍ സാംസ്‌കാരിക പരിപാടികളുമായി എത്തുന്നത്.മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് നിശാഗന്ധിയില്‍ സ്ത്രീ താള്‍ തരംഗിന്റെ ഗാന സന്ധ്യയോടെയാണ് തുടക്കം. 

സ്ത്രീകള്‍ നയിക്കുന്ന  അഖിലേന്ത്യാ  താളവാദ്യ സംഘമായ  സ്ത്രീ  താള്‍ തരംഗിന്  സുകന്യ രാംഗോപാലാണ്  നേതൃത്വം നല്‍കുന്നത് .വാദ്യമേളത്തോടെയാണ് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലെ ഉദ്ഘാടന ചടങ്ങിന് തുടക്കമാകുക. ഘടം, ഘടതരംഗം, കൊന്നക്കോല്‍ എന്നിവയ്‌ക്കൊപ്പം വീണ, വയലിന്‍, മൃദംഗം, മോര്‍സിങ് തുടങ്ങിയ വാദ്യോപകരണ വിദഗ്ധരും ഈ സംഗീത സന്ധ്യക്ക് അകമ്പടിയേകും. 

ഡിസംബര്‍ ഒന്‍പതു മുതല്‍ മാനവീയം വീഥിയിലാണ് വൈകിട്ട് ഏഴിന് കലാപരിപാടികള്‍ അരങ്ങേറുന്നത് . അഭയ ഹിരണ്‍മയിയും ഷിയോണ്‍ സജിയും മ്യൂസിക് ബാന്‍ഡുകളായ ഫ്ളൈയിംഗ്  എലിഫന്റ്, രാഗവല്ലി, മാങ്കോസ്റ്റീന്‍ ക്ലബ്, ഇഷ്‌ക് സൂഫിയാന എന്നിവയും മാനവീയത്തെ സജീവമാക്കും.

മഴയേ മഴയേ, തന്നേ താനെ, കോയിക്കോട് ഗാനം തുടങ്ങിയ ജനപ്രിയ ഗാനങ്ങള്‍ ആലപിച്ച പിന്നണി ഗായിക അഭയ ഹിരണ്‍മയി അവതരിപ്പിക്കുന്ന പിക്കിള്‍ ജാര്‍ ഗാനസന്ധ്യ ഡിസംബര്‍ 9ന്  മാനവീയം വീഥിയില്‍ അരങ്ങേറും. പാട്ടുകള്‍കൊണ്ട് ത്രസിപ്പിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ഫ്ളൈയിംഗ് എലിഫന്റ് മ്യൂസിക് ബാന്‍ഡും ചെമ്പൈ മെമ്മോറിയല്‍ മ്യൂസിക് കോളേജിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ രാഗവല്ലി മ്യൂസിക് ബാന്‍ഡും കോഴിക്കോട് ആസ്ഥാനമായുള്ള ഇന്‍ഡി മ്യൂസിക് ബാന്‍ഡായ മാംഗോസ്റ്റീന്‍ ക്ലബും ഷിയോണ്‍ സജി മ്യൂസിക് ലൈവുമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിരുന്നൊരുക്കുക.

ഡിസംബര്‍ 15ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ അഖില്‍  മാവേലിക്കരയും സംഘവും അവതരിപ്പിക്കുന്ന പരമ്പരാഗത ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഫ്യൂഷന്‍ സംഗീതസന്ധ്യയോടെ ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീഴും.


അതുല്യ പ്രതിഭകള്‍ക്ക് ആദരമൊരുക്കാന്‍ മൂന്ന് എക്‌സിബിഷനുകള്‍ 
 അതുല്യ ചലച്ചിത്രപ്രതിഭകളായ മൃണാള്‍ സെന്‍, എം ടി വാസുദേവന്‍ നായര്‍, നടന്‍ മധു എന്നിവര്‍ക്ക് ആദരവായി രാജ്യാന്തര മേളയുടെ ഭാഗമായി മൂന്ന് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കും. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മേളയുടെ മുഖ്യവേദിയായ ടാഗോറിലാണ് വെള്ളിയാഴ്ച മുതല്‍ മൂന്ന് എക്‌സിബിഷനുകള്‍ ഒരുക്കിയിട്ടുള്ളത്. 

ഇന്ത്യന്‍ സിനിമയെ ആഗോളതലത്തിലേക്കുയര്‍ത്തിയ ബംഗാളി നവതരംഗ സംവിധായകന്‍ മൃണാള്‍ സെന്നിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സിനിമാ ജീവിതം അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ , സിനിമകളുടെ ചിത്രീകരണ സമയത്തെ അപൂര്‍വ്വ നിമിഷങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമാകും .

സിനിമാ സാഹിത്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം ടി വാസുദേവന്‍ നായര്‍, നടന്‍ മധു  എന്നിവരുടെ നവതി ആഘോഷത്തിന്റെ ഭാഗമായുള്ള എക്‌സിബിഷനുകളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

രാജ്യാന്തരമേളയില്‍ കേരള ഫിലിം മാര്‍ക്കറ്റുമായി കെ.എസ്.എഫ്.ഡി.സി 

രാജ്യാന്തരമേളയോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി.) കേരള ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കും. മലയാള സിനിമാ വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിനാണ് ഡിസംബര്‍ 11 മുതല്‍ 13 വരെ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നത്. നവാഗത സംവിധായകരുള്‍പ്പെടെയുള്ളവര്‍ക്ക് അവരുടെ സൃഷ്ടികളെ രാജ്യാന്തര സംവിധായകര്‍ക്കും പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും പരിചയപ്പെടുത്തുന്നതിനും നിര്‍മാതാക്കള്‍ക്ക് രാജ്യാന്തര വിതരണക്കാരേയും ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍മാരേയും കണ്ടെത്തുന്നതിനുമാണ് ഫിലിം മാര്‍ക്കറ്റിലൂടെ ലക്ഷ്യമിടുന്നത്.

ചലച്ചിത്ര മേഖലയിലെ നൂതന സാങ്കേതിക ഉപകരണങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ഫിലിം എക്സ്പോ, സംവിധായകര്‍ക്ക് തങ്ങളുടെ സിനിമകളെ ക്യൂറേറ്റര്‍മാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മുന്‍പില്‍ അവതരിപ്പിക്കുന്ന മാര്‍ക്കറ്റ് സ്‌ക്രീന്‍, ദൃശ്യമാധ്യമങ്ങള്‍ക്ക് സാങ്കേതിക മികവോടെ അഭിമുഖം എടുക്കാനാവശ്യമായ താത്കാലിക സ്റ്റുഡിയോ സംവിധാനം എന്നിവയും മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഒരുക്കുന്നുണ്ട്.


 

The International Film Festival of Kerala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES