തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് തല അജിത്. അജിത്തിന്റെ ജീവിതശൈലിയും പെരുമാറ്റ രീതിയും എപ്പോഴും എല്ലാവര്‍ക്കും മാതൃകയാണ്. ഇപ്പോഴിതാ ലാളിത്യമാര്‍ന്ന നടന്റെ ജീവിതശൈലിക്ക് മറ്റൊരു ഉദാഹാരണമാണ് പുറത്ത് വന്നിരിക്കുന്നത്. അജിത്ത് ഉപയോഗിക്കുന്ന ഫോണിനെ കുറിച്ചുള്ള വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്.
സാധാരണ ജനങ്ങള്‍ പോലും സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്ന ഈ കാലത്ത് നടന്റെ കൈയിലുള്ളത് സാധാരണ മോഡല്‍ ഫോണ്‍ മാത്രമാണ്. നോക്കിയയുടെ സാധാരണ ഫോണാണ് ഇത്. മറ്റുള്ളവരോട് ഫോണില്‍ സംസാരിക്കാന്‍ ഈ ബേസിക് സെറ്റു തന്നെ ധാരാളം എന്ന നിലപാടിലാണ് തല അജിത്. സൂപ്പര്‍താരം നോക്കിയ സെറ്റ് കൊണ്ടു നടക്കുന്നതു കണ്ട് വിഷമവൃത്തത്തിലായത് വിശ്വാസം എന്ന സിനിമയുടെ പ്രൊഡക്ഷന്‍ മാനേജരാണ്.
ഐഫോണിന്റെ കൂടിയ സെറ്റാണ് പ്രൊഡക്ഷന്‍ മാനേജര്‍ ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് പഴയ ഫോണ്‍ കൊണ്ടുനടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അജിത്തിന് പൊട്ടിച്ചിരിയായിരുന്നു മറുപടി.തനിക്ക് അതിന്റെ ആവശ്യമില്ലെന്നും പ്രൊഡക്ഷന്‍ ജോലികള്‍ക്ക് സ്മാര്‍ട് ഫോണ്‍ ആവശ്യമാണെന്നുമായിരുന്നു അജിത് മാനേജരോട് പറഞ്ഞത്.
അജിത് ഉപയോഗിക്കുന്ന നോക്കിയ ഫോണിനെക്കുറിച്ച് കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്ററും ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. 'നമ്മള്‍ ഐ ഫോണ്‍ 10 ഒക്കെ കൊണ്ടു നടക്കുമ്പോഴാണ് അജിത്, നോക്കിയ മൊബൈല്‍ പിടിച്ചു നടക്കുന്നത്. ആരും അതിശയിച്ചു പോകുന്ന ലാളിത്യമാണ് അദ്ദേഹത്തിന്റേത്,' ബൃന്ദ മാസ്റ്റര്‍ പറയുന്നു. സ്മാര്‍ട്ട്ഫോണ്‍ ഇല്ലെന്നു മാത്രമല്ല വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലും അജിത്തിന് താല്‍പര്യമില്ല. എന്തായാലും തങ്ങളുടെ പ്രിയ താരത്തിന്റെ ലാളിത്യം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.