വിഖ്യാത തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ ജെ.മഹേന്ദ്രൻ അന്തരിച്ചു.79 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. രാവിലെ പത്തുമണിമുതൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. വൈകുന്നേരം അഞ്ചു മണിക്ക് സംസ്‌കാരം നടക്കും.
പുതുതലമുറ ചിലപ്പോൾ വിജയ് ചിത്രം തെരിയിലെ വില്ലൻ വേഷത്തിലൂടെയാകും അദ്ദേഹത്തെ അറിയുക. അഭിനയം, സംവിധാനം, തിരക്കഥ, സംഭാഷണം അങ്ങനെ മഹേന്ദ്രൻ കൈവയ്ക്കാത്ത മേഖലകൾ ഉണ്ടായിരുന്നില്ല.
ജോസഫ് അലക്സാണ്ടർ എന്ന ജെ. മഹേന്ദ്രൻ തിരക്കഥാകൃത്തായാണ് സിനിമയിൽ എത്തുന്നത്. മുള്ളും മലരുമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1979ൽ പുറത്തിറങ്ങിയ ''ഉതിർപ്പൂക്കൾ ' ആണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ചിത്രം. പുതുമൈപിത്തന്റെ ചെറുകഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രമാണിത്. മലയാളിയായ വിജയനും കന്നഡ നടി അശ്വിനിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നടികർ തിലകം ശിവാജി ഗണേശന്റെ തങ്കപ്പതക്കം എന്ന സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും മഹേന്ദ്രന്റെതാണ്. നെഞ്ചത്തെ കിള്ളാതെ, മെട്ടി, ജാണി, സാസനം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
സുഹാസിനി, ശരത്ബാബു, പ്രതാപ് പോത്തൻ എന്നിവർ വേഷമിട്ട് 1981-ൽ പുറത്തിറങ്ങിയ നെഞ്ചത്തെ കിള്ളാതെയ്ക്ക് ഏറ്റവും നല്ല പ്രാദേശിക ചിത്രത്തിനുള്ള പുരസ്‌കാരമടക്കം മൂന്നുദേശീയ ബഹുമതികൾലഭിച്ചിട്ടുണ്ട്. 2006 ൽ പുറത്തിറങ്ങിയ സാസനം ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.
തെരി സിനിമയിലെ അദ്ദേഹത്തിന്റെ വില്ലൻ പ്രകടനം പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയിരുന്നു. പിന്നീട് മഹേഷിന്റെ പ്രതികാരം തമിഴ് റീമെയ്‌ക്കിന്റെ നായകന്റെ അച്ഛന്റെ വേഷമായ ചാച്ചനായി തമിഴിൽ അഭിനയിച്ചതും മഹേന്ദ്രൻ ആയിരുന്നു. രജനികാന്ത് ചിത്രം പേട്ട, ബൂമറാങ് എന്നിവയാണ് അവസാനം അഭിനയിച്ച ചിത്രങ്ങൾ. ചർച്ച നടന്നുകൊണ്ടിരിക്കുന്ന ചില പുതിയ മലയാള സിനിമകളിലും അദ്ദേഹം അഭിനയിക്കാൻ തയ്യാറെടുക്കുകയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിടവാങ്ങൽ.