കാര്‍ത്തിക് സുബ്ബരാജും സൂര്യയും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. എണ്‍പതു കാലഘട്ടങ്ങളിലെ ലുക്കില്‍ സൂര്യയുടെ പുതിയ വീഡിയോ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചിരുന്നു. സിനിമയുടെ 'ആദ്യ ഷോട്ട്' എന്ന തലക്കെട്ടോടു കൂടെയാണ് വീഡിയോ പങ്കു വച്ചത്.
കാര്‍ത്തിക് സുബ്ബരാജും സൂര്യയും ആദ്യമായി ഒന്നിച്ചെത്തുന്നു എന്നത് കൊണ്ട് തന്നെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 44. 'ലവ് ലാഫ്റ്റര്‍ വാര്‍' എന്ന ടാഗ്ലൈനോടെ ഒരുങ്ങുന്ന ചിത്രമാണിത്. നീട്ടി വളര്‍ത്തിയ മുടിയും പ്രത്യേകരീതിയിലുള്ള മീശയുമാണ് സൂര്യയുടെ കഥാപാത്രത്തിന്റേത്. ചിത്രത്തിന്റെ ആദ്യത്തെ ഷോട്ടാണ് ഇതെന്നാണ് കാര്‍ത്തിക് സുബ്ബരാജ് കുറിച്ചിരിക്കുന്നത്.
കടല്‍ തീരത്ത് ഇരിക്കുന്ന സൂര്യയെയാണ് വീഡിയോയില്‍ കാണാനാവുക. മുടിയൊക്കെ നീട്ടി വളര്‍ത്തി കളര്‍ഫുള്‍ ഷര്‍ട്ട് ധരിച്ചാണ് വീഡിയോയിലെ സൂര്യയുടെ ലുക്ക്. ലൈറ്റ്‌സ്, ക്യാമറ, ആക്ഷന്‍ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായും വീഡിയോയില്‍ പറയുന്നുണ്ട്.
സൂര്യ 44 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം ആക്ഷന് പ്രാധാന്യമൊരുക്കിയാണ് പ്രേക്ഷകരിലേക്കെത്തുക. എണ്‍പത് കാലഘട്ടത്തിലായിരിക്കും കഥ നടക്കുന്നതെന്നാണ് വീഡിയോ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ സംവിധായകന്‍ പുറത്തുവിട്ടിരുന്നു. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ആന്‍ഡമാന്‍ ആണ് പ്രധാനലൊക്കേഷന്‍. മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിരവധി പേരാണ് പുറത്തുവന്നിരിക്കുന്ന വീഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്.
അതേസമയം ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ'യാണ് സൂര്യയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ഡബിള്‍ റോളിലാണ് ഈ ചിത്രത്തില്‍ സൂര്യയെത്തുന്നത്.