ബോളിവുഡ് നടന്‍ നാനാ പടേകര്‍ക്കെതിരെ നടി തനുശ്രീ ദത്ത ലൈംഗികാരോപണവുമായി രംഗത്ത് വന്നതോടെയാണ് മീ ടൂവിന് ഇന്ത്യന്‍ സിനിമ മേഖലയില്‍ തുടക്കമായത്. അതിന് പിന്നാലെ നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ മീ ടൂ ആരോപണങ്ങളുമായി രംഗത്ത് വന്നു.അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ബോളിവുഡ് താരം സണ്ണിലിയോണിനും മീ ടൂവിനെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്കുകയുണ്ടായി.
തനിക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തുറന്നുപറയാന്‍ പുരുഷന്മാരും മുന്നോട്ട് വരണമെന്നാണ് നടി സണ്ണി ലിയോണ്‍ വ്യക്തമാക്കിയത്.പുരുഷന്മാര്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുമ്പോള്‍, ഇതെല്ലാം അത്ര വലിയ കാര്യമാണോ എന്നായിരിക്കും പലരുടേയും ചിന്ത. എന്നാല്‍ ഈ മനോഭാവം മാറണമെന്നും ഉറക്കെ പറയണമെന്നും സണ്ണി വ്യക്തമാക്കി.
മീ ടൂ മൂവ്‌മെന്റും സ്ത്രീ ശാക്തീകരണവുമെല്ലാം സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും നടി പറഞ്ഞു.
' ഞാന്‍ ഒരു ഓഫീസില്‍ അല്ല ജോലി ചെയ്യുന്നത്. ഒരു നീര്‍ക്കുമിളയിലാണെന്റെ ജീവിതം. പക്ഷേ, ഞാന്‍ വിശ്വസിക്കുന്നത് ജോലിസ്ഥലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ച്, അല്ലെങ്കില്‍ സ്വസ്ഥമായി ജോലിചെയ്യാന്‍ അനുവദിക്കാതിരിക്കുന്നതിനെക്കുറിച്ച് സ്ത്രീകളാണ് കൂടുതല്‍ തുറന്നു സംസാരിക്കുന്നത് എന്നാണ്. പക്ഷേ സ്ത്രീയോ, പുരുഷനോ ആയിക്കൊള്ളട്ടെ... എനിക്ക് പറയാനുള്ളതെന്താണെന്നു വച്ചാല്‍ ഇത്തരം അനുഭവങ്ങള്‍ പുരുഷന്മാര്‍ക്കും ഉണ്ടാകുന്നുണ്ടെന്നാണ്. പക്ഷേ അത് പലരും തിരിച്ചറിയുന്നില്ല, അവന്‍ ഒരു ആണല്ലേ?, ഇതിത്ര വലിയ കാര്യമാണോ? എന്ന മട്ടിലായിരിക്കും പലരുടെയും സമീപനം. ജോലിസ്ഥലത്തോ മറ്റെവിടെയെങ്കിലോ ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റത്തിന് ഇരയാവുകയാണെങ്കില്‍ അതേക്കുറിച്ച് ഉറക്കെപ്പറയാന്‍, അതേക്കുറിച്ച് ബോധവാന്മാരാകാന്‍, അത് ശരിയല്ല എന്ന് പറയാന്‍ അവര്‍ പ്രാപ്തരായിട്ടുണ്ട്. അതു തന്നെയാണ് ഏറ്റവും വലിയ മാറ്റം'
മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഒരുപാടു കാര്യങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നതുകൊണ്ട് മോശം കാര്യങ്ങള്‍ ചെയ്യുന്നതിനു മുന്‍പ് ആളുകള്‍ രണ്ടുവട്ടം ചിന്തിക്കും. എന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടാല്‍ എന്തുചെയ്യും?,ഞാന്‍ ചെയ്യുന്നതൊക്കെ റെക്കോര്‍ഡ് ചെയ്യപ്പെടില്ലേ? എന്നൊക്കെ ചിന്തിക്കും. എനിക്കുറപ്പാണ് അത്തരം ചിന്തകള്‍ മോശം പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഉദ്ദേശിച്ചവരെ അസ്വസ്ഥരാക്കും''.- സണ്ണി ലിയോണ്‍ പറയുന്നു.