ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് അപ്സര രത്നാകരന്‍. ഇടയ്ക്ക് ബിഗ് ബോസിലും അവര്‍ മത്സരിച്ചിരുന്നു. ഇന്‍ഡസ്ട്രിയില്‍ സജീവമായ ആല്‍ബി ഫ്രാന്‍സിസിനെയാണ് അപ്സര വിവാഹം ചെയ്തത്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ താരം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഒപ്പം സഹമത്സരാര്‍ത്ഥി ജിന്റോയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു
എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അഭിമുഖത്തില്‍ അപ്‌സര വ്യക്തമാക്കി. താനും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ജിന്റോയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും സത്യവിരുദ്ധമാണെന്ന് അപ്‌സര പറഞ്ഞു. ബിഗ് ബോസ് ഷോയ്ക്ക് ശേഷം ജിന്റോയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഇങ്ങനെയുള്ള ചൊറി വാര്‍ത്തകളൊന്നും ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. ഞാന്‍ അറിഞ്ഞിട്ടുമില്ല,' അപ്‌സര പ്രതികരിച്ചു. ബിഗ് ബോസ് വീട്ടില്‍ താനും ജിന്റോയും നല്ല സുഹൃത്തുക്കളായിരുന്നെന്നും നിരവധി പ്രകടനങ്ങള്‍ ഒരുമിച്ച് നടത്തിയെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍, പുറത്തിറങ്ങിയ ശേഷം പല ബിഗ് ബോസ് സൗഹൃദങ്ങളും ഇല്ലാതാകാറുണ്ടെന്നും, അതിലൊന്ന് ജിന്റോയുമായുള്ള ബന്ധമാണെന്നും അപ്‌സര വിശദീകരിച്ചു.
ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജീവിക്കുന്നവരെ വിമര്‍ശിച്ച അപ്‌സര, താന്‍ കര്‍മ്മയില്‍ വിശ്വസിക്കുന്ന ആളാണെന്നും ഒരാളെ ദ്രോഹിച്ച് എന്ത് നേടിയാലും അത് ശാശ്വതമല്ലെന്നും അഭിപ്രായപ്പെട്ടു. ജിന്റോ ഈ വാര്‍ത്തകളെക്കുറിച്ച് അറിഞ്ഞിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്നും, അദ്ദേഹത്തിന്റെ വിവാഹം ഏകദേശം നിശ്ചയിച്ചിരിക്കുകയാണെന്നും തങ്ങള്‍ തമ്മില്‍ ഒരു കോണ്‍ടാക്റ്റ് പോലുമില്ലെന്നും അവര്‍ ആവര്‍ത്തിച്ചു.
പൊതുവെ കമന്റുകള്‍ക്കൊന്നും മറുപടി കൊടുക്കാത്ത ആളാണ് ഞാന്‍. ലൈഫില്‍ എല്ലാം കഴിഞ്ഞു, ഇനിയൊന്നും തിരിച്ചെടുക്കാനാവില്ല എന്ന് കരുതിയ നിമിഷങ്ങളുണ്ടായിരുന്നു. എന്നോട് ചേര്‍ന്ന് നിന്നവര്‍ക്ക് മാത്രമേ ഞാന്‍ അനുഭവിച്ചത് എന്താണെന്ന് അറിയൂ. ഞാന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞതെങ്കില്‍ എനിക്കൊരു പ്രശ്നവുമില്ല.ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടമാണ്. ആ ഒരു വേദന വല്ലാത്തതാണ്. ഞാന്‍ മാത്രമല്ല എനിക്കൊരു കുടുംബമുണ്ട്. ഈ ചോദ്യങ്ങളെല്ലാം അവരും നേരിടുന്നുണ്ട്. ഞാനുമൊരു സാധാരണക്കാരിയാണെന്നും താരം പറയുന്നു.
സന്തോഷങ്ങള്‍ പങ്കുവെക്കാന്‍ എനിക്കിഷ്ടമാണ്. സങ്കടങ്ങള്‍ പറഞ്ഞ് മറ്റുള്ളവരെ വേദനിപ്പിക്കാന്‍ താല്‍പര്യമില്ല. സങ്കടം ഞാനൊരിക്കലും ഷെയര്‍ ചെയ്യാറില്ല. കഴിഞ്ഞ മൂന്നാല് മാസമായി വളരെ മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. അതിനിടയില്‍ ഇതെന്തിനാണ് ഇങ്ങനെ ഇല്ലാത്തത് പ്രചരിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ എന്നെ വളരെ മോശമായി ബാധിക്കുന്നുണ്ട്. കഷ്ടപ്പെട്ട് തന്നെയാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത്. കഷ്ടപ്പെടാന്‍ ഒരു മടിയും ഇല്ലാത്ത ആളാണ്, അതിനിടയില്‍ ഇങ്ങനെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കരുതെന്നുമായിരുന്നു അപ്സര പറഞ്ഞത്.
സാന്ത്വനം സീരിയലിലെ 'ജയന്തി' എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അപ്‌സര, ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് അപ്‌സരയുടെ ഈ പ്രതികരണം വ്യക്തമാക്കുന്നു.