വീണ്ടും ആരാധകനെ അപമാനിച്ച് നടനും നിര്‍മാതാവുമായ ശിവകുമാര്‍. തന്റെ ഇഷ്ടതാരത്തിനെ കാണാനെത്തിയ വയോധികനായ ആരാധകന് നല്കിയ സമ്മാനം പിടിച്ചുവാങ്ങി നിലത്തെറിയുകയും ചീത്തവിളിക്കുകയും ചെയ്ത ശിവകുമാറിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നടന്മാരായ സൂര്യയുടെയും കാര്‍ത്തിയുടെയും അച്ഛന് കൂടിയായ ശിവകുമാറിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
പാഷാ കറുപ്പയ്യ രചിച്ച 'ഇപ്പിത്താന്‍ ഉരുവാനേന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിക്കായി കാരക്കുടി ശിവഗംഗ ജില്ലയിലെ കണ്ണദാസന് മണി മണ്ഡപത്തില്‍ എത്തിയ ശിവകുമാറിന് ആരാധകന് ഷാള്‍ സമ്മാനമായി നല്‍കുകയായിരുന്നു.ഇത് ഇഷ്ടപ്പെടാതിരുന്ന ശിവകുമാര്‍ ഷാള്‍ നിലത്തേക്ക് വലിച്ചെറിഞ്ഞശേഷം നടന്നുപോകുകയുമായിരുന്നു.
നേരത്തെ ഒരു ചടങ്ങില്‍ സെല്‍ഫി എടുക്കാനെത്തിയ ആരാധകന്റെ ഫോണ്‍ ശിവകുമാര്‍ എറിഞ്ഞുടച്ച സംഭവമുണ്ടായിരുന്നു. പിന്നീട് പരസ്യമായി ക്ഷമാപണം നടത്തുകയും ആരാധകന് പുതിയ ഫോണ്‍ നല്‍കുകയും ചെയ്തിരുന്നു.
നടന് സൂര്യയെയും കാര്‍ത്തിയേയും ടാഗ് ചെയ്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അച്ഛനെ നിലയ്ക്ക് നിര്‍ത്തണമെന്ന് ഇരുവരോടും ആവശ്യപ്പെട്ട വിമര്‍ശകര്‍ ഇത്തരം ആളുകളെ എന്തിനാണ് പൊതുചടങ്ങില്‍ വിളിക്കുന്നതെന്നും ചോദിക്കുന്നു
നിങ്ങളോടുള്ള ബഹുമാനം നിങ്ങളുടെ അച്ഛന്റെ പെരുമാറ്റം കാരണം നഷ്ടമാവുകയാണെന്നും ചില സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ സൂര്യയെയും കാര്‍ത്തിയെയും ടാഗ് ചെയ്തുകൊണ്ട് പറഞ്ഞു. 1960 മുതല്‍ സിനിമയിലുള്ള ശിവകുമാറിന് നിരവധി ആരാധകര്‍ ഇപ്പോഴും തമിഴ്നാട്ടിലുണ്ട്. നായകനായും വില്ലനായും സഹനടനായും നൂറിലധികം സിനിമകളില്‍ ശിവകുമാര്‍ അഭിനയിച്ചിരുന്നു.