ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ദുരിതാവസ്ഥയില്‍ കഴിഞ്ഞ മിനി സ്‌ക്രീന്‍ താരം ശരണ്യയുടെ വിവരം രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ആരാധകരെ സങ്കടത്തിലാഴ്ത്തിയത്. ഇതിന് പിറകേ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ താരത്തെ അഡ്മിറ്റ് ചെയ്യുകയും സര്‍ജറി നടത്തുകയും ചെയ്തിരുന്നു. ഓപ്പറേഷന് ശേഷം ഐസിയുവില്‍ ചികിത്സയിലായിരുന്ന ശരണ്യയെ ഇപ്പോള്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ ശരണ്യയെ സന്ദര്‍ശിച്ച നടി സീമ ജി നായര്‍ ശരണ്യക്ക് ആശാവഹമായ പുരോഗതി ഉണ്ടെന്നാണ് വെളിപ്പെടുത്തിയത്. അതേസമയം ശരണ്യ സീമയോട് പറഞ്ഞ കാര്യവും സീമ വേദനയോടെ വെളിപ്പെടുത്തുന്നു.
ഏഴാമത് വട്ടമാണ് ഇപ്പോള്‍ ശരണ്യക്ക് ട്യൂമറിനുള്ള ഓപ്പറേഷന്‍ ചെയ്തത്. നടി സീമ ജി നായരാണ് ശരണ്യക്ക് എല്ലാ സഹായവും ചെയ്ത് ഒപ്പമുള്ളത്. സീമ തന്നെയാണ് ശരണ്യയുടെ വിവരം പുറം ലോകത്തെ അറിയിച്ചതും. ഒരു വശം തളര്‍ന്ന നിലയിലാണ് ശരണ്യയെ ആശുപത്രിയിലെത്തിച്ചത്. കൈകാലുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഞരമ്പിനെയാണ് രോഗം ബാധിച്ചിരിക്കുന്നത്. വലതു വശത്തെ കൈകാലുകള്‍ തളര്‍ന്ന അവസ്ഥയിലാണെങ്കിലും ഇപ്പോള്‍, സ്പര്‍ശനം തിരിച്ചറിയുന്നുണ്ട്. അതൊരു നല്ല ലക്ഷണമാണെന്നും എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും സീമ പറയുന്നു. സ്പര്‍ശനം തിരിച്ചറിയുന്നതിനാല്‍ ഫിസിയോ തെറാപ്പിയിലൂടെ അവളെ സാധാരണ നിലയിലേക്കു തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയും സീമ പങ്കുവച്ചു.
അതേസമയം തന്നെ കണ്ടതും ശരണ്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെന്നും താനിവിടെകിടന്ന് മരിക്കുന്നത് സ്വപ്നം കാണുകയായിരുന്നു എന്ന് ശരണ്യ പറഞ്ഞതായും സീമ സങ്കടത്തോടെ പറയുന്നു. ഇതു കേട്ടപ്പോള്‍ തനിക്ക് വലിയ വേദന തോന്നിയെന്നും എനിക്കിത് കേള്‍ക്കണ്ടെന്നും അങ്ങനെയൊന്നും സംഭവിക്കില്ലെന്നും ഞങ്ങള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞ് ശരണ്യയെ ആശ്വസിപ്പിച്ചതായും സീമ പറയുന്നു. ഇത് കേട്ട് കരഞ്ഞുകൊണ്ട് ശരണ്യ മുകളിലേക്ക് നോക്കി കിടന്നുവെന്നും സീമ സങ്കടത്തോടെ പറയുന്നു.
ശരണ്യക്ക് അച്ഛനില്ല. രണ്ടു സഹോദരങ്ങളുടെ പഠനച്ചെലവ് ഉള്‍പ്പെടെ ശരണ്യയുടെ ചുമലിലായിരുന്നു. അമ്മ മാത്രമാണ് ശരണ്യയോടൊപ്പമുള്ളത്. രോഗകാലത്ത് സുഹൃത്തുക്കളാണ് ഇവരുടെ സഹായത്തിനുണ്ടായിരുന്നത്. വാടക വീട്ടിലാണ് ശരണ്യയും അമ്മയും താമസം. ആറു വര്‍ഷത്തിനിടെ ചികിത്സയ്ക്കായി വന്‍ തുക ചെലവായി. അഭിനയത്തില്‍ നിന്നുള്ള വരുമാനം മാത്രമായിരുന്നു ആശ്രയം. ചികിത്സക്കായി പണം ചിലവിട്ടതോടെ സ്വന്തമായൊരു വീട് പോലും ഇവര്‍ക്കില്ലതെ പോയി. ഇന്നു വൈകുന്നേരത്തോടെ ഡോക്ടറര്‍മാരില്‍ നിന്നു വിശദമായ റിപ്പോര്‍ട്ട് കിട്ടും. എങ്കില്‍ മാത്രമേ ആരോഗ്യപരമായ ആശങ്കകള്‍ അകലുകയുള്ളു. ഏഴാം വട്ടും രോഗത്തെ തോല്‍പ്പിച്ച് ശരണ്യ തിരികേ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സഹപ്രവര്‍ത്തകരും.