മലയാള സിനിമയിലെ നാടന്‍ സുന്ദരിമാരുടെ കൂട്ടത്തിലേക്കാണ് നീണ്ട്, ഇടതൂര്‍ന്ന മുടികളുമായി കണ്ണൂര്‍ക്കാരി സംവൃത എത്തിയത്. വിവാഹശേഷം സിനിമയില്‍നിന്ന് ഇടവേളയെടുത്ത സംവൃത ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്നു. പിന്നീട് മഴവില്‍ മനോരമയിലെ നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ താരം വീണ്ടും മലയാളികള്‍ക്കു മുന്നിലെത്തി. തിരിച്ചുവരവില്‍ കഴുത്തൊപ്പം വെട്ടിയ മുടിയുമായാണ് താരസുന്ദരി എത്തിയത്. അതിനു പിന്നിലെ കാരണം സംവൃത തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.
ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാന്‍ വേണ്ടിയാണ് തന്റെ നീണ്ട മുടി മുറിച്ചു നല്‍കിയതെന്നാണ് സംവൃത സുനില്‍ പറയുന്നത്. ഒരു മാഗസീനു നല്‍കിയ അഭിമുഖത്തിലാണ് സംവൃത മനസ്സു തുറന്നത്. തന്റെ വീടിന് അടുത്ത് 'വിഗ്സ് ഫോര്‍ കിഡ്സ്' എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ട് കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കും ജന്‍മനാ മുടി വളരാത്ത കുട്ടികള്‍ക്കും വേണ്ടി അവര്‍ വിഗ് ഉണ്ടാക്കുന്നുണ്ട്.
അവരുടെ പരസ്യം കണ്ടപ്പോള്‍ മുടി ഡൊണേറ്റ് ചെയ്യണമെന്ന് ആഗ്രഹം തോന്നി ചെയ്യുകയായിരുന്നു എന്നാണ് സംവൃത പറയുന്നത്. എന്നാല്‍ ആദ്യം തനിക്ക് അതിനുളള ധൈര്യം ഉണ്ടായില്ലെന്നും ഭര്‍ത്താവിനും തനിക്കും നീണ്ട മുടിയാണ് ഇഷ്ടമെന്നും സംവൃത പറയുന്നു. എന്നാല്‍ ആഗ്രഹം ഉണ്ടെങ്കില്‍ മുടി വെട്ടിക്കോളാന്‍ ഭര്‍ത്താവ് പറഞ്ഞതായി സമവൃത പറയുന്നു. പാര്‍ലറില്‍ പോയപ്പോള്‍ മുടി വെട്ടുന്ന സ്ത്രീ പറഞ്ഞു എന്റെ മുടി കൊണ്ട് മൂന്ന് കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാമെന്ന്. അങ്ങനെ മുടി ദാനം ചെയ്യുകയായിരുന്നു. കഴുത്തറ്റം മുടിയുളള സംവൃതയോടൊപ്പമുളള ചിത്രം മമ്ത ഇ്ന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തിരുന്നു. അതു കണ്ടാണ് സംവൃത മുടി വെട്ടിയ കാര്യം ആരാധകര്‍ അറിയുന്നത്. താന്‍ മുടി വെട്ടിയ ഉടനെയാണ് മംമ്ത വീട്ടില്‍ എത്തിയതെന്നും അപ്പോള്‍ എടുത്ത ചിത്രമാണ് അതെന്നും സംവൃത വ്യക്തമാക്കി.
സിനിമയില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളെക്കുറിച്ചും സംവൃത പ്രതികരിച്ചു. സിനിമയില്‍ എട്ട് വര്‍ഷം അഭിനയിച്ചുവെങ്കിലും ഒരിക്കല്‍ പോലും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സംവൃത പറഞ്ഞു. യു.എസില്‍ ആയിരിക്കുമ്പോഴും ഇവിടുത്തെ പ്രശ്നങ്ങളെക്കുറിച്ചും പുതിയ സംഘടനയെയും കുറിച്ച് അറിഞ്ഞിരുന്നു. അതേ കുറിച്ച് എനിക്ക് വ്യക്തമായ ധാരണകള്‍ ഉണ്ട്. പക്ഷേ, അത് സംസാരിക്കാന്‍ പറ്റിയ സമയമാണിതെന്ന് തോന്നുന്നില്ല- സംവൃത കൂട്ടിച്ചേര്‍ത്തു. 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത 'രസികന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ സിനിമാ അരങ്ങേറ്റം.