നിരവധി നായികമാരെ കോര്‍ത്തിണക്കിയ വിവാദങ്ങളാല്‍ എപ്പോഴും ഉയര്‍ന്ന് കേട്ട പേരാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ഐശ്വര്യറായ്, കത്രീന കൈഫ്, ആയിഷ ടാക്കിയ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങി ഒരുപാടു പേര്‍ ആ ലിസ്റ്റിലുണ്ട്. എന്നാല്‍ സല്‍മാന്റെ പേരിനോടൊപ്പം ചേര്‍ത്ത് വിവാദങ്ങള്‍ സൃഷ്ടിക്കാത്ത ഒരു നടിയുണ്ട് ബോളിവുഡില്‍,ജൂഹീ ചൗള. വ്യവസായിയായ ജയ് മെഹ്തയെ 1995 വിവാഹം ചെയ്ത ജൂഹി സന്തുഷ്ടമായ കുടുബജീവിതം നയിച്ച് വരികയാണ്.
എന്നാല്‍ ജൂഹി ചൗളയെ തനിക്കേറെ ഇഷ്ടമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാനിപ്പോള്‍. ഒരു ചാറ്റ് ഷോയിലാണ് സല്‍മാന്‍ ജൂഹിയോടുണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ച് തുറന്നുപറച്ചില്‍ നടത്തിയത്. ആര്‍ക്കും ആരാധന തോന്നുന്ന വ്യക്തിത്വമായിരുന്നു ജൂഹിയുടേത്. ജൂഹിയുടെ അച്ഛനോട് ജൂഹിയെ എനിക്ക് തരുമോയെന്ന് ചോദിച്ചെങ്കിലും 'നോ' എന്നായിരുന്നു മറുപടി. ജൂഹിയെ വിവാഹം ചെയ്യാന്‍ മാത്രം അന്ന് ഞാന്‍ വളര്‍ന്നിരുന്നില്ലെന്ന് സല്‍മാന്‍ പറയുന്നു. പ്രധാന കഥാപാത്രങ്ങളായി ഇരുവരും ഒരു സിനിമയില്‍ പോലും ഒന്നിക്കാത്തതിന്റെ കാരണവും സല്‍മാന്‍ വെളിപ്പെടുത്തി. ജൂഹി തന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ദീവാനാ മസ്താന എന്ന ചിത്രത്തില്‍ മാത്രമേ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളൂ.