ഇന്നലെ നടന്ന മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്ഗോപി. 27 വര്‍ഷത്തിന് ശേഷം ആദ്യമായാണ് സുരേഷ് ഗോപി അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കുന്നത്.സംഘടനയുടെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ വോട്ടെടുപ്പ് തീരുന്നതിന് തൊട്ടുമുന്‍പാണ് സുരേഷ് ഗോപി എത്തിയത്. തുടര്‍ന്ന് സുരേഷ് ഗോപി വോട്ടുരേഖപ്പെടുത്തുകയും ചെയ്തു.
സുരേഷ് ഗോപിയെ ഉപഹാരം നല്‍കിയാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വരവേറ്റത്. കേന്ദ്രമന്ത്രി പദവിയിലെത്തിയ സുരേഷ് ഗോപിയെ താരസംഘടന ആദരിക്കുകയും ചെയ്തു. പുതുക്കിയ അംഗത്വ കാര്‍ഡും സുരേഷ് ഗോപിക്ക് നല്‍കി.
ഈ നിമിഷം എനിക്ക് തോന്നുന്നു, ഏറ്റവും അനുഗ്രഹിക്കപ്പെട്ടയാളാണ് ഞാന്‍ എന്ന്. നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്ക് നന്ദി'- അമ്മയുടെ ഒന്നാംനമ്പര്‍ അംഗത്വകാര്‍ഡ് നെഞ്ചോട് ചേര്‍ത്ത് വികാരാധീനനായി നടന്‍ പറഞ്ഞു.
അമ്മയുടെ തുടക്കത്തെയും 1997-ല്‍ വൈസ് പ്രസിഡന്റ് പദവിയിലിരിക്കെ സംഘടനയുടെ പടിയിറങ്ങിപ്പോകേണ്ടി വന്നതിനെയും കുറിച്ച് മറുപടി പ്രസംഗത്തില്‍ പരാമര്‍ശിച്ച സുരേഷ് ഗോപി അഭിനയജീവിത്തെക്കുറിച്ചും വാചാലനായി...
ഓരോ കഥാപാത്രത്തിലൂടെയും ഞാന്‍ വിരിഞ്ഞുവരുകയായിരുന്നു. ഞാന്‍ എന്ന വ്യക്തിയെ മെനഞ്ഞെടുക്കുന്നതില്‍ സിനിമ വഹിച്ച പങ്ക് വലുതാണ്. അതിന്റെ ആഴം അളക്കാവുന്നതല്ല. എന്റെ കഥാപാത്രങ്ങള്‍ക്കുവേണ്ടി എതിര്‍ഭാഗത്ത് നിന്ന് തല്ലുവാങ്ങിയവര്‍, എനിക്ക് ശക്തി നല്‍കിയവര്‍, സോമേട്ടന്‍, രാജന്‍ പി. ദേവ്, എന്‍.എഫ്. വര്‍ഗീസ്, നരേന്ദ്രപ്രസാദ്... ഒരുപാട് പേരോട് കടപ്പാടുണ്ട്. അതുപോലെ തന്നെ വ്യക്തിയെന്ന നിലയില്‍ എനിക്ക് ബലം പകര്‍ന്ന കാക്കി എന്ന വേഷത്തെ ആദരവോടെ ഓര്‍ക്കുന്നു. സെറ്റില്‍ ചായ തന്നവരും ഭക്ഷണം കഴിച്ച പാത്രം കഴുകി വൃത്തിയാക്കിയവരുമെല്ലാം എന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് വലുതാണ്'- അദ്ദേഹം പറഞ്ഞു.
ദീര്‍ഘകാലം അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റിനെയും സുരേഷ്ഗോപി ഓര്‍മിച്ചു- 'വലിയ സ്ഫോടനങ്ങളെ ഏറുപടക്കത്തിന്റെ ശബ്ദത്തിലേക്കൊതുക്കിയ അമ്മയുടെ നാഥനായിരുന്നു ഇന്നസെന്റ്. നാളെ സംഘടനയെ നയിക്കുന്നവര്‍ക്ക് പാഠപുസ്തകമാകണം അദ്ദേഹം.'
ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് 1997ല്‍ സുരേഷ് ഗോപി അമ്മയില്‍ നിന്ന് വിട്ടുനിന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2022ല്‍ അമ്മ സംഘടിപ്പിച്ച ഉണര്‍വ് എന്ന മെഡിക്കല്‍ ക്യാമ്പില്‍ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. എന്നാല്‍ ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കുന്നത് കാല്‍നൂറ്റാണ്ടിന് ശേഷമാണ്.