സിനിമ മോഖലയിലെ ഏറ്റവും തിരക്കു പിടിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റും സോഷ്യല്‍ വര്‍ക്കറുമാണ് രഞ്ജു രഞ്ജിമാര്‍. സമൂഹത്തിന്റെ താഴെ തട്ടില്‍നിന്നും സെലിബ്രിറ്റികളുടെ ഉറ്റതോഴി ആയി മാറിയ രഞ്ജുവിന്റെ കഥ ആരെയും അമ്പരപ്പിക്കുന്നതാണ്. രഞ്ജു നായികയായി അഭിനയിച്ച ഒരു ഷോര്‍ട്ട്ഫിലിമും, മ്യൂസിക് ആല്‍ബവും ഇന്റര്‍നാഷണല്‍ ഡോക്യൂമെന്റററി ഫിലിംഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കയാണ്. കേരളാ ചലച്ചിത്ര അക്കാഡമിക്കു കീഴില്‍ നടത്തുന്ന ഡോക്യൂമെന്ററി ഫെസ്റ്റിവലില്‍ ജനറല്‍ വിഭാഗത്തിലാണ് രഞ്ജു രഞ്ജിമാര്‍ അഭിനയിച്ച് ഷോര്‍ട്ട്ഫിലിമിന് പുറമെ മ്യൂസിക് ആല്‍ബത്തിനും എന്‍ട്രി ലഭിച്ചത്.
വളരെയേറെ കഠിനാധ്വാനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് രഞ്ജു ഇന്നത്തെ നിലയിലേക്ക് എത്തിയത്. കൊല്ലം പുന്തലതാഴം ഗ്രാമത്തില്‍ കൂലിപ്പണിക്കാരനായ പിതാവിന്റെയും കശുവണ്ടി ഫാക്ടറി തൊഴിലാളിയായ മാതാവിന്റെയും നാലാമത്തെ കുഞ്ഞായാണ് രഞ്ജു ജനിച്ചത്. കുട്ടികാലത്തുതന്നെ പെണ്‍കുട്ടികളുടെ രീതികളുമായി സാമ്യമുള്ള പ്രവര്‍ത്തികളായിരുന്നു രഞ്ജുവിനുണ്ടായിരുന്നത്. തുടര്‍ന്ന് തന്റെ സ്വത്വം പുരുഷന്റേതല്ലന്ന് രഞ്ജു പതിയെ തിരിച്ചറിഞ്ഞു. പെണ്‍കുട്ടികളുടെ വസ്ത്രധാരണവും മേക്കപ്പും രഞ്ജു ആരും കാണാതെ ഇഷ്ടത്തോടെ ചെയ്തു. പക്ഷേ എത്ര മറച്ചുപിടിച്ചിട്ടും താന്‍ പോലുമറിയാതെ തന്റെ യഥാര്‍ഥ വ്യക്തിത്വമായി രഞ്ജു മാറി. തുടര്‍ന്ന് സ്‌കൂളിലും പുറത്തും രഞ്ജു പരിഹാസങ്ങള്‍ ഏറെ കേട്ടു.
എന്നിട്ടും സ്‌കൂളില്‍ നടന്ന മുഴുവന്‍ കലാപരിപാടികളും രഞ്ജു പങ്കെടുത്തു. അവിടെ വെച്ചാണ് രഞ്ജു കുട്ടികളുടെ മുഖത്ത് ചായം തേക്കാന്‍ തുടങ്ങിയത് വീട്ടിലെ പ്രയാസങ്ങളെ തുടര്‍ന്ന് പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേന്ന് മുതല്‍ ഇഷ്ടിക കളത്തില്‍ ജോലിക്ക് പോയി. വീട്ടുജോലികളും രഞ്ജു ചെയ്തു. പിന്നീട് പ്രഭാത് ബുക്ക് സ്റ്റാളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ബുക്ക് വിലയ്‌ക്കെടുത്ത് വീടുകളില്‍ വിറ്റാണ് രഞ്ജു ഉപജീവനം നടത്തിയത്. രാത്രികാലങ്ങളില്‍ തട്ടുകടയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ജോലിയും ചെയ്തു. അവിടെ ജോലി തുടരാനാവാതെ വന്നപ്പോള്‍ ഇടയാര്‍ എന്ന സ്ഥലത്തേക്ക് പോയി. അവിടുന്നാണ് ആര്‍.എല്‍.വി ഉണ്ണികൃഷ്ണന്‍ എന്നയാളുടെ സഹായത്തില്‍ ഡാന്‍സിന്റെ മേക്കപ്പ് ഇടാന്‍ അവസരം ലഭിച്ചത്.
സെലിബ്രിറ്റി ജോതിര്‍മയിയെ ഒരുക്കാന്‍ അവസരം ലഭിച്ചതോടെയാണ് രഞ്ജുവിന്റെ ജീവിതം മാറി മറിയുന്നത്. പിന്നീട് നിരവധി താരങ്ങളെ ഒരുക്കാന്‍ അവസരം കിട്ടിയതുവഴി സിനിമ വ്യവസായത്തില്‍ എണ്ണം പറഞ്ഞ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റായി രഞ്ജു മാറി. അമ്മയുടെ ഷോകളില്‍ പ്രമുഖതാരങ്ങളെ ഒരുക്കാനുളള അവസരവും ലഭിച്ചതോടെ അക്കാഡമി സര്‍ട്ടിഫിക്കറ്റ് നേടാതെ രഞ്ജു പടുത്തുയര്‍ത്തിയ സ്വതസിദ്ധമായ ശൈലി സിനിമയിലും പുറത്തും ട്രെന്‍ഡ് ആവുകയായിരുന്നു.നിലവില്‍ കേരളത്തിലെ 14 ജില്ലകളിലും വര്‍ക്ക്‌ഷോപ്പും, സെമിനാറുകളും, ബ്യൂട്ടീഷന്‍ ക്ലാസ്സുകളും രഞ്ജു എടുക്കുന്നുണ്ട്.
മേക്കപ്പ് ഫീല്‍ഡില്‍ ഗുരുസ്ഥാനത്ത് കാണുന്നത് അംബികാ പിള്ളയെയാണ്. അംബിക പിളളയുടെ അസിസ്റ്റന്റായി രഞ്ജു പ്രവര്‍ത്തിച്ചു. കരിയറില്‍ വലിയ മാറ്റമാണ് അംബിക പിള്ളയുടെ കൂടെയുള്ള പഠനമുണ്ടാക്കി. ഇന്ത്യയിലെ പ്രശസ്തരായ മോഡലുകള്‍ക്കെല്ലാം ഒപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. നിരവധി പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. നിലവില്‍ കേരളത്തിനകത്തും പുറത്തുമായുള്ള ഇരുപതിനായിരത്തിധികം പേര്‍ക്ക് മേക്കപ്പിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചുനല്‍കിയ ചാരിതാര്‍ഥ്യത്തിലാണ് രഞ്ജു.
ഇതിനുപുറമെ കെ.എസ്.ആര്‍ ട്രെന്‍ഡി ഫാഷന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍, ഗ്ലോഫില്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുപോരുന്നു. കേരളത്തിലെ ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ ഉന്നമനത്തിനും, വിദ്യാഭ്യാസം, കല,എന്നിവ വളര്‍ത്തിയെടുത്ത് സാംസ്‌കാരിക രംഗത്തും, സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കാന്‍ പ്രാപ്ത്ഥരാക്കുക എന്ന ലക്ഷ്യത്തോടുകൂടി രൂപീകരിച്ച ധ്വയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആര്‍ട്‌സ് ചാരിറ്റബില്‍സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറിയും നിലവിലെ സെക്രട്ടറിയും കൂടിയാണ് രഞ്ജു രഞ്ജിമാര്‍. പലരും പരിസഹിക്കുകയും അടിച്ചൊടിക്കുകയും ചെയ്യുന്ന ട്രാന്‍്‌സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ഉന്നമനത്തിനായിട്ടാണ് ഇപ്പോഴും രഞ്ജുവിന്റെ പ്രവര്‍ത്തനങ്ങള്‍ ഒപ്പം തന്നെ സ്വപ്രയത്‌നം കൊണ്ട് ഉയര്‍ന്നവന്ന രഞ്ജുവിന്റെ ജീവിതം പലര്‍ക്കും മാതൃതയായും മാറുന്നു.