തിരക്കേറിയ സിനിമാ ജീവിതത്തില്‍ നിന്ന് ഇടവേളയെടുത്ത് ആത്മീയ യാത്രക്കായി ഹിമാലയത്തില്‍ എത്തിയ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഋഷികേശ്, ബദരീനാഥ്, ബാബ ഗുഹ എന്നിവിടങ്ങളിലേക്കാണ് താരം യാത്ര നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രയുടെ ഭാഗമായി രജനീകാന്ത് ഗംഗാതീരത്ത് ധ്യാനിക്കുകയും ആരതിയില്‍ പങ്കെടുക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചിത്രങ്ങളില്‍, സാധാരണ വസ്ത്രം ധരിച്ച് ലളിതമായി ഭക്ഷണം കഴിക്കുന്ന രജനീകാന്തിനെയും ഒരു ആശ്രമാന്തരീക്ഷത്തില്‍ ആളുകളുമായി സംവദിക്കുന്ന അദ്ദേഹത്തെയും കാണാം. താരത്തിന്റെ ലാളിത്യത്തെ പ്രശംസിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
മുന്‍നിര താരങ്ങള്‍ ഫാഷനുവേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോള്‍ രജനീകാന്ത് അത്തരം ആഡംബരങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നതിനെ ചിലര്‍ പ്രത്യേകം പരാമര്‍ശിച്ചു. 'ജയിലര്‍ 2' ആണ് രജനീകാന്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. അടുത്ത വര്‍ഷം ജൂണില്‍ റിലീസ് ചെയ്യാന്‍ സാധ്യതയുള്ള ഈ ചിത്രത്തിനായി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.