ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'രായന്‍' സിനിമയില്‍ കടുത്ത വയലന്‍സ് ആണെന്ന് സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിലെ വയലന്‍സ് രംഗങ്ങള്‍ ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കി. 'പാ പാണ്ടി' എന്ന ചിത്രത്തിന് ശേഷം ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ സിനിമയാണിത്.
ധനുഷിന്റെ അമ്പതാമത്തെ സിനിമ കൂടിയാണിത്. കാളിദാസ് ജയറാം, സന്ദീപ് കിഷന്‍, എസ്ജെ സൂര്യ, സെല്‍വരാഘവന്‍, അപര്‍ണ ബാലമുരളി, ദുഷാര വിജയന്‍, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈ 26 ന് ചിത്രം തീയേറ്ററുകളില്‍ എത്തും.
നേരത്തെ ജൂണ്‍ 13ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് റായന്‍ നിര്‍മ്മിക്കുന്നത്. ഓം പ്രകാശ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ജി.കെ പ്രസന്നയാണ്.
അതേസമയം, രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനായ ആളാണ് കഥാപാത്രം എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെതായി എത്തിയ ലുക്ക് പോസ്റ്ററുകള്‍ എല്ലാം ശ്രദ്ധ നേടിയിട്ടുണ്ട്.