ഈ വർഷത്തെ മെറ്റ് ഗാലയിൽ വെറൈറ്റി കൊണ്ട് ശ്രദ്ധ നേടിയത് നടി പ്രിയങ്കാ ചോപ്രയായിരുന്നു.നടി അണിഞ്ഞിരുന്ന വസ്ത്രവും മേക്കപ്പും ഹെയർ സ്റ്റൈലും ഒക്കെ ഏവരെയും അമ്പരപ്പിച്ചു കൊണ്ടുള്ളതായിരുന്നു. പ്രിയങ്കയുടെ ലുക്കിനേയും വസ്ത്രത്തെയും കുറിച്ച് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. എന്നാൽ അനവധി ട്രോളുകൾ വാരിക്കൂട്ടിയ പ്രിയങ്കയുടെ ആ വസ്ത്രം രൂപപ്പെടുത്താൻ വേണ്ടിവന്ന കഠിനാധ്വാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഗ്രേ നിറത്തിൽ മഞ്ഞയും വെളുപ്പും ചുവപ്പും നിറത്തിലുള്ള ലെയറുകൾ നിറഞ്ഞ സുതാര്യമായ വസ്ത്രം ധരിച്ചാണ് പ്രിയങ്ക എത്തിയത്. 62 ദിവസം കൊണ്ടാണ് പ്രിയങ്കയുടെ വസ്ത്രം രൂപകൽപ്പന ചെയ്തതെന്നും 45 ലക്ഷം രൂപയാണ് ഗൗണിന്റെ വിലയെന്നും വോഗ് മാസിക റിപ്പോർട്ട് ചെയ്യുന്നു.നെറ്റിലാണ് ഗൗണിലെ തൂവലുകൾ ചെയ്തിട്ടുള്ളത്. ചുവപ്പ്, പിങ്ക്, മഞ്ഞ എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള നെറ്റു കൊണ്ട് പ്രത്യേകം തൂവലുകൾ തയ്‌ച്ചെടുത്താണ് ഗൗണിൽ പിടിപ്പിച്ചിരിക്കുന്നത്. ഓരോ നെറ്റു തൂവലുകളും കൈ. കൊണ്ട് തുന്നിയെടുക്കുകയായിരുന്നു.
സിൽവർ നിറത്തിലുള്ള ചെരുപ്പിന്റെ വില 25,000 രൂപയും പിങ്കും വെളുപ്പു കലർന്ന ഡയമണ്ടുകൾ പതിച്ച കമ്മലിന്റെ വില ഏകദേശം 4.51 ലക്ഷം രൂപയുമാണെന്ന് ഫോർബ്സ് റിപ്പോർട്ട് ചെയ്തു. മെറ്റ് ഗാലയുടെ റെഡ് കാർപ്പറ്റിൽ പ്രിയങ്കയ്ക്കൊപ്പം ഭർത്താവും അമേരിക്കൻ ഗായകനുമായ നിക്ക് ജോൺസും ഉണ്ടായിരുന്നു.
ഓരോ വർഷവും പ്രത്യേക ആശയത്തെ അധികരിച്ചാണ് മെറ്റ് ഗാലയിലെത്തുന്ന സെലിബ്രിറ്റികൾ വേഷം ധരിക്കാറുള്ളത്. 'ക്യാംപ്: നോട്‌സ് ഓൺ ഫാഷൻ' എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. എൺപതുകളിലെ അമേരിക്കൻ ടെലിവിഷൻ സീരിസിൽ നിന്നു ഊർജ്ജമുൾക്കൊണ്ടാണ് ഈ പ്രമേയം സ്വീകരിച്ചത്. അതിനു അനുയോജ്യമായ വേഷമാണ് പ്രിയങ്കയുടെതെന്നാണ് ഫാഷൻ വിദഗ്ദരുടെ അഭിപ്രായം. ഫാഷൻ ലോകത്തെ വമ്പൻ ബ്രാൻഡായ ഡിയോർ ആണ് പ്രിയങ്കയ്ക്കായി വസ്ത്രമൊരുക്കിയത്.