വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും സോഷ്യല്‍ മീഡിയയില്‍ പ്രിയങ്ക-നിക് വിവാഹത്തിന്റെ ആരവം ഒഴിഞ്ഞിട്ടില്ല. ഇരുവരുടെയും കല്യാണ ഒരുക്കങ്ങള്‍ മുതല്‍ ചര്‍ച്ചകളായിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്തി ഇരുവരുടെയും വിവാഹ സല്‍ക്കാരത്തിനു എത്തിയതും അനുഗ്രഹിച്ചതും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ആഘോഷങ്ങളുടെ ഭാഗമായി 18 അടി ഉയരത്തിലുള്ള കേക്ക് മുറിക്കുന്ന ദമ്പതികളുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആറു നിലകളായി ഒരുക്കിയ കേക്ക് മുറിക്കുന്ന പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രങ്ങള്‍ക്ക് ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹത്തില്‍ കേക്കു മുറിക്കുന്നതും മധുരം പങ്കിടുന്നതുമായ ചടങ്ങുണ്ട്. സാധാരണ കത്തി കൊണ്ടാണു കേക്ക് മുറിക്കുക എന്നാല്‍ പ്രിയങ്കയും നിക്കും ഉപയോഗിച്ചതു വാളാണെന്നാണ് ചിലര്‍ പറയുന്നത്. കേക്ക് മുറിക്കുന്നതു കണ്ടാല്‍ കാലികളെ അറക്കുന്നതു പോലെ തോന്നുന്നു എന്നും ചില വിരുതന്മാര്‍ കമന്റ് ചെയ്തിട്ടുണ്ട്. കേക്ക് മുറിക്കല്‍ ചടങ്ങാണെന്നും കേക്കിനെ കൊല്ലുന്ന ചടങ്ങല്ലെന്നും സമൂഹമാധ്യമങ്ങളില്‍ കമന്റ് നിറയുന്നു. വാടകയ്ക്കു താമസിക്കാനായി ഈ കേക്ക് ബുക്ക് ചെയ്യാനാവുമോ എന്നാണ് മറ്റൊരു പക്ഷം ചോദിക്കുന്നത്.
വിവാഹസല്‍കാരത്തിനു നേതൃത്വം നല്‍കാനായി കുവൈറ്റ്, ദുബായ് എന്നിവിടങ്ങളില്‍ നിന്നു നിക്ക് കൊണ്ടുവന്ന ഷെഫുകളാണ് കേക്ക് ഒരുക്കിയതെന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും പ്രിയങ്ക-നിക് വിവാഹം വാര്‍ത്തകളില്‍ നിറയുകയാണ്.