നന്ദനത്തിലൂടെ എത്തി അഭിനയമികവ് കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ പ്രിയ പ്രിഥ്വിരാജ് സുകുമാരനു ഇന്ന് 36ആം പിറന്നാളാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പിറന്നാള്‍ ആശംസകള്‍ നിറയ്ക്കുമ്പോള്‍ പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയ സമ്മാനിച്ച പിറന്നാള്‍ കേക്കാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. തന്റെ ആദ്യ സംവിധാന സംരംഭമായ 'ലൂസിഫറിന്റെ തിരക്കുകളിലായ പൃഥ്വി തന്റെ കുടുംബത്തോടൊപ്പമാണ് പിറന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങിയത്. സുപ്രിയ ഒരുക്കിയ സര്‍പ്രൈസ് പിറന്നാള്‍ കേക്കിന്റെ ചിത്രം ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് താരം ആരാധകര്‍ക്കായി പങ്കു വച്ചത് ഒപ്പം അതിനു പിന്നിലെ കഥയും ഇന്നലെ താരം ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.
''സുപ്രിയ ഒരുക്കിയ കേക്ക് രുചിയുള്ളത് മാത്രമായിരുന്നില്ല. കേക്കിന്റെ മുകളിലുള്ള ടോപ്പിംഗ് 'ലൂസിഫര്‍' ഷൂട്ടിംഗ് ദിനങ്ങളിലെ ഒരു സീന്‍ പുനര്‍നിര്‍മ്മിച്ചതാണ്. സിനിമ കാണുമ്പോള്‍ സീന്‍ ഏതാണെന്ന് മനസ്സിലാകാന്‍ വേണ്ടി പറയാം. ആ ദിവസം വിവേക് ഒബ്റോയ്, സായികുമാര്‍ ചേട്ടന്‍ എന്നിവര്‍ ഒന്നിച്ചുള്ള വളരെ തീവ്രമായ ഒരു സീന്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയായിരിന്നു ഞാന്‍. അപ്പോഴാണ് കുഞ്ഞു അലംകൃത തീരുമാനിച്ചത്, എന്നേയും കൊണ്ട് വീട്ടില്‍ പോകാം എന്ന്. എന്റെ കാലു വിടാതെ പിടിച്ചു വലിക്കുകയായിരുന്നു അവള്‍. ഈ വര്‍ഷത്തെ ഞങ്ങളുടെ മൂന്നു പേരുടേയും ജന്മദിനങ്ങള്‍ 'ലൂസിഫര്‍' ലൊക്കേഷനില്‍ ആയിരുന്നു ആഘോഷിച്ചത്'', കേക്കിനു പിന്നിലെ കഥ വിവരിച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചു.
പ്രിഥ്വിരാജിനൊപ്പമുളള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചാണ് സുപ്രിയ ആശംസകള്‍ നേര്‍ന്നത്. എന്റെ ജീവിതത്തിന്റെ ഏറ്റവും 'അമേസിംഗ്' ആയ പുരുഷന് പിറന്നാള്‍ ആശംസകള്‍' എന്നാണ് സുപ്രിയ കുറിച്ചത്.
''ധാരാളം 'മൈല്‍സ്ടോണുകള്‍' കൊണ്ട് നിറഞ്ഞതാണ് തിരക്കുള്ള ഈ വര്‍ഷം. നമ്മുടെ ആദ്യ നിര്‍മ്മാണ സംരംഭമായ 'നയന്‍', നിങ്ങളുടെ ആദ്യ സംവിധാന സംരംഭമായ 'ലൂസിഫര്‍ എന്നിവ ഒരുങ്ങുന്നു. ഇതിനെക്കാളും വലിയ സന്തോഷമില്ല. ലോകത്തെ എല്ലാ വിജയങ്ങളും ആശസിക്കുന്നു. കൂടെ നിങ്ങള്‍ ഏറ്റവും അര്‍ഹിക്കുന്ന 'റസ്റ്റും' കുടുംബത്തോടൊപ്പമുള്ള സമയവും'', സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു. വ്യത്യതമായ കേക്കിന്റെ ചിത്രങ്ങളും ആശംസകളും കൊണ്ടു സോഷ്യല്‍മീഡയ നിറയ്ക്കുകയാണ് ആരാധകര്‍.
16 വര്‍ഷം മുന്‍പ് രഞ്ജിത്തിന്റെ 'നന്ദനം' എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കാന്‍ പൃഥ്വിയ്ക്ക് സാധിച്ചു.
പേരു കൊണ്ട് പോലും കുട്ടികള്‍ വ്യത്യസ്തനാകണം എന്ന് ആഗ്രഹിച്ചു മക്കള്‍ക്ക് പേരിട്ട ഒരു അച്ഛന്റെ സ്വപ്നം പോലെ, പൃഥ്വി എന്ന മകന്‍ ഉയരങ്ങള്‍ കീഴടക്കി.മലയാളത്തില്‍ മാത്രം ഒതുങ്ങിയില്ല ആ പ്രതിഭ. മണിരത്‌നം ഉള്‍പ്പടെയുള്ള പ്രതിഭകള്‍ക്കൊപ്പം ജൊലി ചെയ്യാന്‍ അവസരം ലഭിച്ച ചെയ്ത പൃഥ്വി തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി 100ല്‍ അധികം ചിത്രങ്ങളില്‍ ആണ് അഭിനയിച്ചിരിക്കുന്നത്.
അഭിനയവും നൃത്തവും പാട്ടുമൊക്കെ ഒരേ ആത്മവിശ്വാസത്തോടെ ചെയ്യാന്‍ കഴിവുള്ള പൃഥ്വിരാജ് പാട്ടുകാരന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചു. 100 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അനുഭവ സമ്പത്തുമായി 'ലൂസിഫര്‍' എന്ന മാസ്സ് മോഹന്‍ലാല്‍ ചിത്രത്തിന്റെ സംവിധായക റോളില്‍ ആണ് പൃഥ്വിയിപ്പോള്‍. തിരക്കഥ മൊത്തം കാണാതെ പഠിക്കുന്ന, ഫോട്ടോഗ്രാഫിക് മെമ്മറിയുമായി സഹപ്രവര്‍ത്തകരെ എല്ലാം അത്ഭുതപെടുത്തുന്ന പൃഥ്വിയെ കുറിച്ചുള്ള വിവരങ്ങളാണ് 'ലൂസിഫര്‍' ലൊക്കേഷനുകളില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി സംവിധാന മോഹം കൊണ്ട് നടക്കുന്ന പൃഥിരാജെന്ന സംവിധായകന്റെ 'ലൂസിഫര്‍' തീയേറ്ററില്‍ എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.