ഡബ്യുസിസി എന്ന സിനിമാ ലോകത്തെ വനിതാ സംഘടനയിലെ പ്രധാനിയാണ് പാര്‍വതി. ഒട്ടെറെ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി മനസില്‍ ചേക്കേറിയ നടി അല്‍പകാലമായി സിനിമാ സംഘടനയായ അമ്മയ്ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടിക്കെതിരെ പ്രതികരിച്ചു എന്ന ഒറ്റ കാരണത്താല്‍ തന്നെ നടിയുടെ ഫേസ്ബുക്ക് പേജിലൊക്കെ ഫാന്‍സ് തെറി വിളികള്‍ നടത്തിയിരുന്നു. രണ്ടു ദിവസം മുമ്പത്തെ ഡബ്യുസിസി വാര്‍ത്താ സമ്മേളനം കഴിഞ്ഞും നടിക്ക് ഒട്ടെറെ ഭീഷണി എത്തുന്നുണ്ട്. തന്റെ വീട്ടുകാരൊക്കെ ഭയത്തിലാണെന്നാണ് പാര്‍വ്വതി പറയുന്നത്.
ഡബ്യുസിസി അംഗങ്ങളോട് സംസാരിക്കാന്‍ പോലും മറ്റുള്ളവര്‍ക്ക് വിലക്കുണ്ടെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ അമ്മയിലെ പുരുഷാധിപത്യത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് ഒരടി പിന്നോട്ടു പോകാന്‍ ഒരുക്കമല്ലെന്നും പാര്‍വ്വതി പറഞ്ഞു. തന്റെ നിലപാട് മാറില്ലെന്നും പാര്‍വ്വതി ഊന്നിപറഞ്ഞു. കേരളത്തിലെ ഫാന്‍സ് അസോസിയോഷനുകള്‍ ഗുണ്ടാ സംഘങ്ങളായി മാറി കൊണ്ടിരിക്കുകയാണ് എന്ന് പറയുന്നു പാര്‍വതി താരരാജാക്കന്‍മാര്‍ക്കെതിരെ പ്രതികരിച്ചാല്‍ എന്തും സംഭവിക്കാമെന്നും കൂട്ടിച്ചേര്‍ക്കുന്നു. തന്റെ വീട്ടുകാരും ഭയത്തിലാണെന്നാണ് നടി പറയുന്നത്.
അതേസമയം പ്രതികരിക്കുന്നു എന്ന കാരണത്താല്‍ തന്റെ അവസരങ്ങള്‍ നഷ്ടമാകുന്നുവെന്നും പാര്‍വതി വെളിപ്പെടുത്തി. ബോളിവുഡില്‍ അനുഭവങ്ങള്‍ തുറന്നുപറയുന്ന നടിമാര്‍ക്ക് കിട്ടുന്ന പിന്തുണ കേരളത്തിലെ നടിമാര്‍ക്ക് കിട്ടുന്നില്ലെന്നും ഡബ്യുസിസി അംഗങ്ങളായ എല്ലാവര്‍ക്കും അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണ് എന്നും തങ്ങളോട് സംസാരിക്കുന്നതില്‍ നിന്നു പോലും മറ്റുള്ളവര്‍ക്ക് വിലക്കുണ്ടെന്നും പാര്‍വ്വതി പറയുന്നു. തനിക്ക് ഇപ്പോള്‍ ഒരു സിനിമയിലേക്ക് മാത്രമാണ് ഓഫറുള്ളതെന്നും നടി വ്യക്തമാക്കി. കഴിഞ്ഞ നാലു വര്‍ഷത്തിനിടയ്ക്ക് എന്റെ സിനിമകള്‍ എല്ലാം തന്നെ ഹിറ്റായിരുന്ന തനിക്കാണ് ഇപ്പോള്‍ ഒരു സിനിമ മാത്രമുള്ളതെന്ന് പറഞ്ഞ പാര്‍വ്വതി ഇപ്പോള്‍ അമ്മ തന്നോട് എംബിഎ പഠിച്ചാല്‍ മതിയായിരുന്നു എന്നാണ് പറയുന്നതെന്നും കൂട്ടിച്ചേര്‍ത്തു.