മോഹൻലാലിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഒടിയന്റെ വ്യാജനും ഇന്റർനെറ്റിലെത്തി. ഒടിയൻ റിലീസ് ചെയ്തു മണിക്കൂറിനകം തന്നെയാണ് വ്യാജൻ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്തിരിക്കുന്നത്. വൈകിട്ട് മൂന്ന് മണിയോടെയാണ് ചിത്രം ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.
പുതിയ സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിക്കുന്ന വെബ്സൈറ്റുകൾ ഉടൻ ബ്ലോക്ക് ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഒടിയൻ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ അണിയറക്കാർ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന് പിന്നാലെയാണ് ഒടിയൻ ഇന്റർനെറ്റിൽ എത്തിയിരിക്കുന്നത്
പുലർച്ചെ നാലരയോടെയാണ് ചിത്രം ലോകത്താകമാനം റിലീസ് ചെയ്തത്. ഹർത്താൽ ദിനമായിട്ടും മോഹൻലാൽ ആരാധകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തെ വരവേറ്റത്.
പരസ്യചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകൻ ഉൾപ്പെടെയുള്ള ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം.ജയചന്ദ്രൻ സംഗീതം പകരുന്നു. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റർ ഹെയ്നാണ് ചിത്രത്തിന്റെ സംഘട്ടനസംവിധാനം നിർവ്വഹിക്കുന്നത്.
രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ദിനം തന്നെ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ചിത്രം റിലീസാകുന്നതിനു മുൻപ് മദ്രാസ് ഹൈക്കോടതി നിരവധി വെബ്സൈറ്റുകൾ ബ്ളോക്ക് ചെയ്യാൻ നിർദ്ദേശം നൽകിയിരുന്നു.ലൈക പ്രൊഡക്ഷൻസിന്റെ ഹർജിയിലായിരുന്നു ഉത്തരവ്. ഏകദേശം 12,564 അനധികൃത വെബ്സൈറ്റുകളുടെ പേര് ലൈക പ്രൊഡക്ഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. പക്ഷെ മുൻകരുതലെടുത്തിട്ടും 2.0 യും ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.