സംഗീത നിശയ്ക്കിടെ നെറ്റിയിലേക്ക് ലേസര്‍ പതിച്ചതിനെത്തുടര്‍ന്ന് വേദി വിട്ട് ഓടി അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജൊനാസ്. സഹോദരങ്ങളായ കെവിനും ജോയ്ക്കുമൊപ്പം നടത്തുന്ന വേള്‍ഡ് ടൂറിന്റെ ഭാഗമായി ചെക്ക് റിപബ്ലിക് തലസ്ഥാനമായ പ്രാഗില്‍ നടത്തിയ പരിപാടിക്കിടെയാണ് സംഭവം.
വേദിയില്‍ നിന്ന് പൊടുന്നനെ ഇറങ്ങിയോടുന്ന നിക്ക് ജൊനാസിന്റെ വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇതിനകം വൈറല്‍ ആയിട്ടുണ്ട്.
സുരക്ഷാ ഭീഷണി ഉണ്ടയതാണ് നിക്ക് ജൊനാസിന്റെ ഈ പെരുമാറ്റത്തിന് പിന്നില്‍. പരിപാടിക്കിടെ നിക്കിനെ ലക്ഷ്യം വച്ച് ലേസര്‍ രശ്മികള്‍ എത്തിയതോടെ താരം രക്ഷപ്പെടുകയായിരുന്നു. തന്റെ സെക്യൂരിറ്റി ഗാര്‍ഡ്സിന് ആംഗ്യഭാഷയില്‍ നിര്‍ദേശം നല്‍കി കൊണ്ടാണ് നിക്ക് വേദി വിട്ടത്. ഇതോടെ പരിപാടി അല്‍പനേരം നിര്‍ത്തി വയ്ക്കുകയും ചെയ്തു.
എന്നാല്‍ നിക്കിന്റെ സഹോദരങ്ങളായ കെവിനും ജോയും സ്റ്റേജില്‍ തന്നെ ഉണ്ടായിരുന്നു. നിക്കിന് നേരെ ലേസര്‍ രശ്മികള്‍ അടിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ വേദിയില്‍ നിന്നും മാറ്റിയ ശേഷമാണ് പരിപാടി പുനരാംരഭിച്ചത്. ഗായകന്റെ ഫാന്‍ പേജുകളില്‍ ഇതിന്റെ വീഡിയോ എത്തിയിട്ടുണ്ട്.
അപായ സൂചന മനസിലാക്കി പ്രവര്‍ത്തിച്ച നിക്കിനെ അഭിനന്ദിച്ചുകൊണ്ടുള്ളതാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭൂരിഭാഗം കമന്റുകളും. ഇത്തരം ഒരു സംഭവം അരങ്ങേറാന്‍ ഇടയാക്കിയ സുരക്ഷാ വീഴ്ച്ചയെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് നിക്കിന്റെ ഭാര്യ.