തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ യാഷ് ചെറിയൊരു കടയില്‍ നിന്നും ചോക്ലേറ്റ് വാങ്ങുന്ന ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. ചെറിയൊരു പല ചരക്ക് കടയില്‍ നിന്നും ഭാര്യ രാധികയ്ക്ക് മിഠായി വാങ്ങി കൊടുക്കുന്നതാണ് ചിത്രം. കര്‍ണാടകയുടെ വടക്കന്‍ തീരപ്രദേശത്തെ ഭട്കലില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍
ഭാര്യ രാധികയ്ക്ക് വേണ്ടി ഒരു ചെറിയ കടയില്‍ നിന്ന് ഐസ് കാന്‍ഡി വാങ്ങിച്ചുകൊടുക്കുന്ന യാഷിന്റെ സിംപ്ലിസിറ്റി സോഷ്യല്‍ മീഡിയയും പ്രശംസിച്ചു. അടുത്തിടെയാണ് യാഷ് ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം ഭട്കലിലെ തന്നെ ചിത്രാപൂര്‍ മഠം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ആ സമയത്ത് എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കടയുടെ മുന്നില്‍ ഭാര്യ ഇരിക്കുന്നതും ചിത്രങ്ങളില്‍ കാണാം. ഇതൊക്കെ യാഷിനെ കൊണ്ട് മാത്രമേ സാധിക്കൂ എന്നാണ് കടുത്ത ആരാധകര്‍ പറഞ്ഞത്. അവിടെയുള്ള നാട്ടുകാര്‍ക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.
കന്നടയില്‍ സൂപ്പര്‍സ്റ്റാര്‍ ആയിട്ടും യാതൊരു താരജാഡകളും ഇല്ലാത്ത ഒരാളാണ് യാഷ് എന്ന് പലരും പോസ്റ്റുകള്‍ക്ക് താഴെ അഭിപ്രായപ്പെട്ടു. മലയാളിയായ നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇനി യാഷ് അഭിനയിക്കാന്‍ പോകുന്നത്. പാന്‍ ഇന്ത്യ ചിത്രമായിട്ടാണ് ഗീതുവിന്റെ ആ സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന് ടൈറ്റിലും മറ്റുവിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല
കെജിഎഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ കന്നഡ നടനാണ് യാഷ്. തെന്നിന്ത്യയില്‍ മാത്രം അറിയപ്പെട്ടിരുന്ന യാഷിനെ പ്രശാന്ത് നീല്‍ എന്ന സംവിധായകന് ഇന്ത്യയില്‍ എമ്പാടും അറിയപ്പെടുന്ന ഒരു സൂപ്പര്‍താരമാക്കി മാറ്റി. കെജിഎഫ് രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും അത് ഇന്ത്യയില്‍ വമ്പന്‍ കളക്ഷനാണ് നേടിയത്. ഇനി മൂന്നാം ഭാഗം കൂടി ഇറങ്ങി കഴിഞ്ഞാല്‍ യാഷ് ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്തും.